ജിഎസ്ടി നഷ്ടപരിഹാരം: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജിഎസ്ടി കൗണ്‍സിലില്‍ കടുത്ത വിലപേശലിന് സാധ്യത
ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിരക്കുകളിലും കാലാവധിയിലും കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ജിഎസ്ടി കൗണ്‍സിലില്‍ കടുത്ത വിലപേശലിന് സാധ്യയുണ്ടെന്ന് മൂന്ന് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി മിന്റ് റിപോര്‍ട്ട് ചെയ്തു. ജൂണ്‍ 2022 നു ശേഷം ചരക്ക് സേവന നികുതിയിനത്തില്‍ ഉണ്ടാകുന്ന ഇടിവ് നികത്തുന്നതിന് നല്‍കേണ്ട നിരക്കിനെ സംബന്ധിച്ചായിരിക്കും തര്‍ക്കം.
2017ലെ ജിഎസ്ടി നഷ്ടപരിഹാര നിയമത്തില്‍ ഭേദഗതികൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ജിഎസ്ടി കൗണ്‍സിലിന്റെ ഒരു യോഗം അടുത്തുതന്നെ വിളിക്കാനിരിക്കുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരവും സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ ഇപ്പോള്‍ തന്നെ വിയോജിപ്പുകള്‍ നിലവിലുണ്ട്.
നിരക്കുകള്‍ എങ്ങനെയാണ് തീരുമാനിക്കുക, സംസ്ഥാനങ്ങള്‍ക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക എത്രയായിരിക്കണം തുടങ്ങിയവയില്‍ ചര്‍ച്ച ആവശ്യമുണ്ടെന്ന് മൂന്ന് സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിഎസ്ടി വരുമാനത്തില്‍ മിക്ക സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലുമാണ്.
2015-16 വര്‍ഷത്തെ അടിസ്ഥാനമാക്കി വാര്‍ഷിക റവന്യൂ വരുമാനത്തില്‍ 14 ശതമാനത്തിന്റെ വളര്‍ച്ച കണക്കാക്കിയാണ് ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുന്നത്. ആഭ്യന്തര ഉദ്പാദനത്തില്‍ 12.6 ശതമാനത്തിന്റെ വളര്‍ച്ചയുടെ സാഹചര്യത്തിലാണ് നിലവിലുള്ള നഷ്ടപരിഹാര രീതി തീരുമാനിച്ചതെന്ന് 15ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍ കെ സിങ് കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കുക ബുദ്ധിമുട്ടാവില്ല. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനം മന്ദീഭവിക്കുകയും പണപ്പെരുപ്പം അതിരുകടക്കുകയും ചെയ്താല്‍ ഇത് ബുദ്ധിമുട്ടാകും. ജിഎസ്ടി നഷ്ടപരിഹാരം ഒരു ബാധ്യതയായി മാറും, പ്രത്യേകിച്ച് സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ട നഷ്ടപരിഹാരം ഇതേ നിരക്കില്‍ നല്‍കുകയും പ്രശ്‌നമാവും- കൗണ്‍സില്‍ മിനിറ്റ്‌സ് ഉദ്ധരിച്ച് മിന്റ് റിപോര്‍ട്ട്‌ചെയ്യുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കേണ്ട നഷ്ടപരിഹാരത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ ശ്രദ്ധയെന്നും അതിനുശേഷമായിരിക്കും 2022 സാമ്പത്തിക വര്‍ഷത്തില്‍ വേണ്ട ജിഎസ്ടി നഷ്ടപരിഹാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുജറാത്ത്, ഹരിയാന, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണണ് ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുന്നത്, പ്രത്യേകിച്ച് 2021 സാമ്പത്തിക വര്‍ഷത്തില്‍. ഇതേ നിരക്കിലും കൂടിയ നിരക്കിലോ നഷ്ടപരിഹാരം ലഭിക്കുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്തിന് പ്രധാനമാണ്. സംരക്ഷിത വരുമാനവും ജിഎസ്ടിയിലൂടെ സംസ്ഥാനം പിരിച്ചെടുത്ത തുകയും തമ്മില്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ 23 ശതമാനത്തിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. 2021 സാമ്പത്തിക വര്‍ഷം ഇത് 36 ശതമാനമായി വര്‍ധിച്ചു.
കൊവിഡ് കാലത്തെ വര്‍ധിച്ച ആരോഗ്യച്ചിലവ് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പണം നഷ്ടപരിഹാരമായി നല്‍കണമെന്ന് ഏഴ് സംസ്ഥാനങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഒരു കത്ത് രാജ്യത്തെ പതിനൊന്ന് ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി നല്‍കണമെന്നാണ് ആവശ്യം. തമിഴ്‌നാട്, ബംഗാള്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ഇതേ ആവശ്യം ഈ മാസം ആദ്യം കത്തിലൂടെ അറിയിച്ചിരുന്നു.