ജിഎസ്ടി കൗണ്‍സില്‍ യോഗം വെളളിയാഴ്ച: കൊവിഡ് മരുന്നുകളും ചികില്‍സോപകരണങ്ങളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും

Update: 2021-05-26 02:15 GMT

ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മരുന്നുകളും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപോര്‍ട്ട്. കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ നിര്‍മാണത്തിന്റെ തുടക്കം മുതല്‍ നികുതി ഒഴിവാക്കാനാണ് പദ്ധതി. എന്‍ഡ് യൂസര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക.

കൊവിഡ് ചികില്‍സോപകരണങ്ങളെയും മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് രാജ്യത്തെപല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ അടക്കമുള്ളവയെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

വെളളിയാഴ്ച ഏഴ് മാസത്തിനുശേഷം ജിഎസ്ടി കൗണ്‍സില്‍ ചേരുന്നുണ്ട്. യോഗത്തില്‍ ഇതുകൂടെ ചര്‍ച്ച ചെയ്യും. നികുതി പിരിവുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന സമിതിയാണ് ജിഎസ്ടി കൗണ്‍സില്‍.

നികുതി ഇളവ് നല്‍കുമ്പോള്‍ എന്‍ഡ് യൂസ് സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധമാണെന്ന് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. അല്ലാത്തപക്ഷം നികുതി വെട്ടിപ്പ് വ്യാപകമാകുമെന്നാണ് കൗണ്‍സില്‍ ഭയപ്പെടുന്നത്.

പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര ഇതുസംബന്ധിച്ച് അപേക്ഷ ജിഎസ്ടി കൗണ്‍സിലിലേക്കും ധനമന്ത്രിക്കും അയച്ചിട്ടുണ്ട്. കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും അവയുടെ അസംസ്‌കൃതവസ്തുക്കള്‍ക്കും നികുതി ഇളവ് നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ കത്തില്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മിത്രയുടെ കത്തിന് മറുപടി ലഭിച്ചിട്ടില്ല.

മെയ് 9ന് സമാനമായ നിര്‍ദേശം വന്നപ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അത് തള്ളിയിരുന്നു. അവസാന ഉല്‍പ്പന്നത്തില്‍ ജിഎസ്ടി ഒഴിവാക്കുന്നത് വ്യവസായികള്‍ക്ക് ഇന്‍പുട്ട് നികുതി ഒഴിവ് ലഭിക്കുന്നത് ഇല്ലാതാകുമെന്നും അവസാന ഭാരം ഉപഭോക്താക്കളില്‍ എത്തിച്ചേരുമെന്നും മന്ത്രി പ്രതികരിച്ചു.

വാക്‌സിന് 5ശതമാനവും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് 12 ശതമാനവുമാണ് നികുതി.

Tags:    

Similar News