ജിഎസ്ടി കൗണ്‍സില്‍ യോഗം ന്യൂഡല്‍ഹിയില്‍ തുടങ്ങി

Update: 2020-08-27 10:46 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിഷേധത്തിനിടയില്‍ ജിഎസ്ടി കൗണ്‍സിലിന്റെ 41മത് യോഗം ന്യൂഡല്‍ഹിയില്‍ തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് താക്കൂര്‍, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍, കേന്ദ്ര സംസ്ഥാന ധനമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

ധനമന്ത്രി നിര്‍മല സീതാരാമനാണ് യോഗത്തിന്റെ അധ്യക്ഷ. കേന്ദ്രവുമായി ബന്ധപ്പെട്ടവര്‍ ഡല്‍ഹിയിലും മറ്റുള്ളവര്‍ വിവിധ സംസ്ഥാന തലസ്ഥാനങ്ങളില്‍ ഓണ്‍ലൈനിലും പങ്കെടുക്കുന്നു.

ജിഎസ്ടി നടപ്പാക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന നഷ്ടപരിഹാരത്തുക പെട്ടെന്ന് തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഒരു യോഗം സോണിയാഗാന്ധി വിളിച്ചുചേര്‍ത്തിരുന്നു. നഷ്ടപരിഹാരത്തുക എത്രയും വേഗം വിട്ടുനല്‍കണമെന്നും അല്ലാത്ത പക്കം ജിഎസ്ഡിയുടെ ഇന്നത്തെ രൂപം മാറ്റംവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.

ബംഗാള്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ വഞ്ചിച്ചുവെന്ന് യോഗശേഷം പല മുഖ്യമന്ത്രിമാരും വാര്‍ത്താലേഖകരോട് പറഞ്ഞു.

ജൂലൈ 12ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ ജൂലൈ 2017-ജനുവരി 2020 കാലയളവിലെ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോഴുളള പിഴ ഒഴിവാക്കി നല്‍കാന്‍ തീരുമാനിച്ചിരുന്നു.  

Tags:    

Similar News