ടെറസില്‍ നിന്നും കിണറ്റിലേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു; വീണത് 80 അടി താഴ്ചയുള്ള കിണറ്റില്‍

അസം സ്വദേശി ജുഗല്‍ ബൈഷ്യ (30) ആണ് മരിച്ചത്.

Update: 2021-06-27 05:44 GMT

പെരിന്തല്‍മണ്ണ: നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ജോലി ചെയ്യുന്നതിനിടെ കിണറ്റിലേക്ക് വീണ അതിഥി തൊഴിലാളി മരിച്ചു. മക്കരപറമ്പ് പോത്തുകുണ്ടിലെ വേങ്ങശ്ശേരി കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ ജോലിക്കെത്തിയ അസം സ്വദേശി ജുഗല്‍ ബൈഷ്യ (30) ആണ് മരിച്ചത്.

നല്ല മഴയുള്ള സമയമായതിനാല്‍ ഒന്നാം നിലയില്‍ ജോലിക്കിടെ കാല്‍വഴുതിയാണ് ജുഗല്‍ കിണറ്റില്‍ വീണതെന്ന് കരുതുന്നു. വീഴ്ചയില്‍ തല സണ്‍ ഷേഡില്‍ ഇടിച്ചതായാണ് നിഗമനം. പണി നടക്കുന്ന വീടിനോടു ചേര്‍ന്നുള്ള കിണറിന് 80 അടിയോളം താഴ്ചയുണ്ട്. 30 അടിക്ക് ശേഷം റിങ് ഇട്ടിട്ടുണ്ട്. വീണ ഉടനെ സഹപ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കിണറ്റില്‍ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ കിണറിലിറങ്ങാനായില്ല.

മലപ്പുറം ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍മാരായ ടി ജാബിര്‍, പി മുഹമ്മദ് ഷിബിന്‍ എന്നിവര്‍ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ധരിച്ച് ഇറങ്ങി ചെയര്‍നോട്ടിന്റെ സഹായത്തോടെ അര മണിക്കൂറോളം പണിപ്പെട്ടാണ് ആളെ പുറത്തെത്തിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സീനിയര്‍ ഫയര്‍ ഓഫിസര്‍ കെ പ്രതീഷ്, സേനാംഗങ്ങളായ കെ.പി.ഷാജു, എ.ലിജു, എം.തസ്‌ലീം, മനോജ് മുണ്ടക്കാട്ട്, എല്‍ ഗോപാലകൃഷ്ണന്‍, കെ നവീന്‍, ഹോം ഗാര്‍ഡുമാരായ കെ കെ ബാലചന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍, ടി കൃഷ്ണകുമാര്‍ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരായ മുഹമ്മദ് അമ്പലക്കുത്ത്, ഷിജു കോലേരി എന്നിവരും മങ്കട സിഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മരിച്ചയാളെ തിരിച്ചറിയാന്‍ വൈകി

മരിച്ച അതിഥിത്തൊഴിലാളിയുടെ പേരുപോലും കൂടെ ജോലിക്കെത്തിയവര്‍ക്കറിയില്ല. അങ്ങാടിയില്‍നിന്നു വിളിച്ചുകൊണ്ടുവന്ന ജോലിക്കാരനാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരനായ കരാറുകാരനാണ് മക്കരപ്പറമ്പ് അങ്ങാടിയില്‍ ജോലിതേടി നില്‍ക്കുകയായിരുന്നയാളെ ജോലിക്ക് കൂട്ടിക്കൊണ്ടുവന്നത്.

അപകടമരണം സംഭവിച്ച ശേഷം മരിച്ചയാളെ തിരിച്ചറിയുന്നതിന് ഏറെ സമയമെടുത്തു. പിന്നീട് ഇദ്ദേഹം താമസിക്കുന്ന മുറിയുടെ കെട്ടിട ഉടമയെ കണ്ടെത്തി കൂടെ താമസിക്കുന്ന ആളുകളോട് അന്വേഷിച്ച ശേഷമാണ് ജുഗല്‍ എന്ന ആളാണു മരിച്ചതെന്നു തിരിച്ചറിഞ്ഞത്.

Tags:    

Similar News