ഗുജറാത്ത് കാബിനറ്റ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ അവസാന നിമിഷം മാറ്റിവച്ചു; മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന

Update: 2021-09-15 16:03 GMT

ഗാന്ധിനഗര്‍: പുതിയ ഗുജറാത്ത് കാബിനറ്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ അവസാന നിമിഷം മാറ്റിവച്ചു. ഇന്ന് നടക്കാനിരുന്ന സ്ഥാനോഹരണച്ചടങ്ങുകളാണ് നാളേക്ക് മാറ്റിയത്. നാളെ ഉച്ചക്ക് ഒന്നരയോടെ സത്യപ്രതിജ്ഞ നടക്കുമെന്ന് രാജ്ഭവന്‍ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രിയടക്കം മുഴുവന്‍ മന്ത്രിസഭാ അംഗങ്ങളും കഴിഞ്ഞ ആഴ്ചയാണ് രാജിവച്ചത്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയുമായി മുന്നോട്ടുപാകാനാവില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളെയും ബിജെപി നേതൃത്വം രാജിവെപ്പിച്ചത്. പുതിയ മന്ത്രിസഭയില്‍ മുന്‍ കാബിനറ്റിലെ 22 മന്ത്രിമാരില്‍ ആരെയും ഉള്‍പ്പെടുത്തില്ലെന്ന് സൂചനയുണ്ട്. അവസാന നിമിഷത്തില്‍ സത്യപ്രതിജ്ഞ നിര്‍ത്തിവച്ചതിനു പിന്നിലും ഇതാണ് കാരണമെന്ന് കരുതുന്നു. 

വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിക്ക് ശേഷം, ഞായറാഴ്ച ചേര്‍ന്ന ബിജെപി നിയമസഭ യോഗമാണ് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്. 59 കാരനായ പട്ടേല്‍ ഘട്‌ലോഡിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്. ആദ്യമായാണ് ഭൂപേന്ദ്ര പട്ടേല്‍ എംഎല്‍എയാവുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രനേതൃത്വം വിജയ് രൂപാണിയുടെ രാജി ആവശ്യപ്പെട്ടത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. 

Tags:    

Similar News