ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള നീക്കം പിണറായി മോഡിയുടെ ശിഷ്യത്വം സ്വീകരിച്ചതിന്റെ തെളിവ്: റോയ് അറയ്ക്കല്‍
ഭരണകൂട പിന്തുണയില്‍ ആയിരങ്ങളെ കശാപ്പ് ചെയ്തതിന്റെ ഭീകര ഓര്‍മകളാണ് ഗുജറാത്ത് മോഡല്‍ വികസനം
തിരുവനന്തപുരം: ആര്‍എസ്എസ്സിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ ഇടതു സര്‍ക്കാരിലെ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അയച്ച് ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള നീക്കം പിണറായി മോഡിയുടെ ശിഷ്യത്വം സ്വീകരിച്ചതിന്റെ തെളിവാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍.
രാജ്യത്തെ തകര്‍ത്ത ഫാഷിസ്റ്റ്‌കോര്‍പറേറ്റ് ഭീമന്മാരുടെ സങ്കേതമാണ് ഗുജറാത്ത്. ഭരണകൂട പിന്തുണയില്‍ ആയിരങ്ങളെ കശാപ്പ് ചെയ്തതിന്റെ ഭീകര ഓര്‍മകളാണ് ഗുജറാത്ത് മോഡല്‍ വികസനം. ന്യൂനപക്ഷങ്ങളുടെ ചാലിട്ടൊഴുകിയ രക്തപ്പുഴയില്‍ നിന്നാണ് അമിത് ഷായും മോഡിയും രാജ്യത്തിന്റെ ഭരണത്തിലേക്ക് ചുവടുവെച്ചത്. ഇതില്‍ എന്തു ഗുണപാഠമാണ് ഇടതു സര്‍ക്കാരിന് പഠിക്കാനുള്ളതെന്നത് പൊതുസമൂഹത്തിന് ആശങ്കയുണ്ട്. മുമ്പ് ഗുജറാത്തിനെ പുകഴ്ത്തുന്നതു പോലും കൊടുംപാതകമായി കണക്കാക്കിയിരുന്ന പാര്‍ട്ടിയുടെ നയവ്യതിയാനം സംശയകരമാണ്. ഗുജറാത്ത് മോഡല്‍ വികസനത്തെ പുകഴ്ത്തിയ അബ്ദുല്ലക്കുട്ടിയ്‌ക്കെതിരേ നടപടിയെടുത്ത പാര്‍ട്ടിയാണ് സിപിഎം എന്നു മറക്കരുത്. ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണിന്റെ ഗുജറാത്ത് സന്ദര്‍ശനത്തെ വിവാദമാക്കിയ സിപിഎം സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണം. കേരളാ പോലിസ് സമ്പൂര്‍ണമായി ആര്‍എസ്എസ്സിന് തീറെഴുതി നല്‍കിയ ഇടതുസര്‍ക്കാര്‍ പൊതുഭരണത്തിലും തീവ്രഹിന്ദുത്വ മാതൃക പിന്‍തുടരാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നു സര്‍ക്കാര്‍ വിശദീകരിക്കണം. വൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ദേശീയ നേതൃത്വം എപ്പോഴും വിമര്‍ശിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ ഭരണപ്രതിനിധിയെ മുഖ്യമന്ത്രി അയയ്ക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വവും മറ്റ് ഇടതു മുന്നണി ഘടക കക്ഷികളും അറിഞ്ഞുതന്നെയാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.