ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ ഇടതു സര്‍ക്കാരും; ചീഫ് സെക്രട്ടറി വിപി ജോയ് ഗുജറാത്തില്‍
വന്‍കിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് സിസ്റ്റത്തെക്കുറിച്ച് പഠിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഗുജറാത്തിലെത്തിയത്
തിരുവനന്തപുരം: നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിആര്‍ പ്രചരണത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരളസര്‍ക്കാരും. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ചീഫ് സെക്രട്ടറി വി പി ജോയ് ഗുജറാത്തിലെത്തി. വന്‍കിട പദ്ധതികളുടെ ഏകോപനത്തിന് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ഡാഷ്‌ബോര്‍ഡ് സിസ്റ്റത്തെക്കുറിച്ച് പഠിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക് പോകുന്നത്. ചീഫ് സെക്രട്ടറിക്കൊപ്പം സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും സംബന്ധിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഡാഷ് ബോര്‍ഡിനെ കുറിച്ചുള്ള നിര്‍ദ്ദേശമുയര്‍ന്നത്. ചീഫ് സെക്രട്ടറി തല സമിതി റിപോര്‍ട്ട് അടിയന്തരമായി മുഖ്യമന്ത്രിക്ക് നല്‍കും.
ചീഫ് സെക്രട്ടറിയുടെ യാത്രസംബന്ധിച്ചുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
മോഡി മീഡിയയുടെ വ്യാജ സൃഷ്ടിയായ ഗുജറാത്ത് മോഡല്‍ വികസനത്തെ സംബന്ധിച്ച വ്യാപകവിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടതുപക്ഷം ഉള്‍പ്പെടെ ഈ പൊള്ളയായ വികസനത്തെ ശക്തമായി എതിര്‍ത്തിരുന്നു. അതേ ഇടതു സര്‍ക്കാരാണ് ഇപ്പോള്‍ ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടെ ഗുജറാത്തിലേക്ക് അയക്കുന്നത്.
അതേസമയം, രാഷ്ട്രീയം കാരണം ഒരു കാര്യവും പഠിക്കാതെ പോകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ കേരളത്തില്‍ വന്നാണ് പഠനം നടത്തേണ്ടതെന്നും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.