ഗുരുവായൂരിലെ സ്വര്‍ണ കവര്‍ച്ച കേസ് പ്രതി ഡല്‍ഹിയില്‍ പിടിയില്‍
ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വര്‍ണ്ണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്
തൃശൂര്‍ : ഗുരുവായൂരിലെ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍നിന്ന് മൂന്ന് കിലോ സ്വര്‍ണ്ണവും 2 ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍.തമിഴ്‌നാട് സ്വദേശിയായ ധര്‍മ്മരാജനാണ് പിടിയിലായത്.ഇയാള്‍ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പോലിസ് അറിയിച്ചു. ഡല്‍ഹിയില്‍ പിടിയിലായ ഇയാളെ ഉടന്‍ നാട്ടിലെത്തിക്കും.
ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വര്‍ണ്ണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്.മേയ് 12ന് രാത്രി 7.40നും 8.40നും ഇടയില്‍ ആയിരുന്നു മോഷണം.ബാലനും കുടുംബവും സിനിമക്ക് പോയ തക്കം നോക്കി വീട് കുത്തി തുറന്നായിരുന്നു മോഷണം. രാത്രി വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോള്‍ മുകള്‍നിലയില്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. പരിശോധനയില്‍ മോഷണം നടന്നതായി മനസ്സിലായി.
മോഷണം പോയ സ്വര്‍ണത്തിന് ഏകദേശം 1.4 കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വര്‍ണ്ണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണ്ണക്കട്ടി, 40 പവന്‍ വരുന്ന സ്വര്‍ണാഭരണം എന്നിവ മോഷണം പോയിരുന്നു.പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.