ഗ്യാന്‍വാപി പള്ളിയില്‍ പൂജ വിലക്കണമെന്ന് പള്ളിക്കമ്മിറ്റി; നിസ്‌കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി പൂജ കേസില്‍ പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ഹിന്ദു വിഭാഗത്തിന് നോട്ടിസ് നല്‍കി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രിം കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗത്തിന് നോട്ടിസ് നല്‍കിയ സുപ്രിം കോടതി പക്ഷെ, നിലവറയിലെ പൂജയ്ക്ക് സ്‌റ്റേ അനുവദിച്ചില്ല. ജൂലായില്‍ കേസില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്ക് അകത്ത് പൂജ തുടരും.
ഗ്യാന്‍വാപിയിലെ തെക്കന്‍ നിലവറയിലെ പൂജ സ്‌റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തല്ക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ഗ്യാന്‍വാപി പള്ളിയിലെ തെക്കെ നിലവറയില്‍ പൂജയ്ക്ക് അനുമതി നല്‍കിയ ജില്ലാ കോടതി ഉത്തരവില്‍ നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീല്‍ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളില്‍ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
വ്യാസ് കുടുംബത്തിന്റെ കൈവശമായിരുന്നില്ല നിലവറകള്‍ എന്ന പള്ളിക്കമ്മറിയുടെ വാദം കോടതി തള്ളി. നാലു ദിവസം വാദം കേട്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ് അരാധനയ്ക്കുള്ള ഹരജി എത്തിയത്. ഹിന്ദുവിഭാഗത്തിന്റെ വാദം ഹൈക്കോടതിയും അംഗീകരിച്ചത് തിരഞ്ഞെടുപ്പിലും ബിജെപിക്ക് ആയുധമാണ്. അയോധ്യക്ക് പിന്നാലെ കാശിയും മഥുരയും ചര്‍ച്ചയാക്കാനുള്ള നീക്കത്തിന് യോഗി ആദിത്യനാഥും പരസ്യ പിന്തുണ നല്‍കിയിരുന്നു.