ഗ്യാന്‍വാപി മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയ മൂന്നാമനും മരണപ്പെട്ടു

Update: 2023-12-11 10:23 GMT

വാരണസി: ഗ്യാന്‍വാപി മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി കോടതിയെ സമീപിച്ച മൂന്നു പേരില്‍ അവസാനത്തെയാളും മരണപ്പെട്ടു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഹരിഹര്‍ പാണ്ഡെ(77)യാണ് അന്തരിച്ചത്. അണുബാധ കാരണം പിതാവിന്റെ നില വഷളായിരുന്നതായി ഹരിഹര്‍ പാണ്ഡെയുടെ മകന്‍ കരണ്‍ശങ്കര്‍ പാണ്ഡെ പറഞ്ഞു. ഗ്യാന്‍വാപി മസ്ദിജ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്ന സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശര്‍മ എന്നിവര്‍ നേരത്തേ മരണപ്പെട്ടിരുന്നു. 'ആദി വിശ്വേശ്വര ക്ഷേത്ര' ഭൂമിയില്‍ നിന്ന് ഗ്യാന്‍വാപി പള്ളി പൊളിച്ചുനീക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. 1991ലാണ് മൂവരും ചേര്‍ന്ന് ഹരജി നല്‍കിയത്. മസ്ജിദില്‍ നടത്തിയ ശാസ്ത്രീയ സര്‍വേയെക്കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാരണസി ജില്ലാ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ആദ്യ ഹരജിക്കാരില്‍ മൂന്നാമനും മരണപ്പെട്ടത്. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നവംബര്‍ 30ന് എഎസ്‌ഐക്ക് കോടതി 10 ദിവസം കൂടി അനുവദിച്ചിരുന്നു. ആഗസ്ത് നാലിനാണ് ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ജൂലൈ 21ന് വാരണസി കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടു. 17ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട പള്ളി ഹിന്ദു ക്ഷേത്രത്തിനു മുകളിലാണ് സ്ഥാപിച്ചതെന്നായിരുന്നു ഹിന്ദുത്വരുടെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിയിലാണ് ഗ്യാന്‍വാപിയില്‍ സര്‍വേയ്ക്ക് വാരണസി കോടതി ഉത്തരവിട്ടത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളുകയും ചെയ്തിരുന്നു. 1669ലാണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് മസ്ജിദ് നിര്‍മിച്ചത്. അന്നു മുതല്‍ ഇപ്പോഴും പള്ളിയില്‍ നമസ്‌കാരം നടക്കുന്നുണ്ട്. നൂറുവര്‍ഷത്തിലേറെ കഴിഞ്ഞ് 1780ലാണ് ഇന്ദോര്‍ രാജ്ഞി അഹല്യ ഹോല്‍കര്‍ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥക്ഷേത്രം നിര്‍മിച്ചത്. ഇതിനിടെയാണ് ബാബരി മസ്ജിദ് മാതൃകയില്‍ ഗ്യാന്‍വാപി മസ്ജിദിനെതിരേയും ഹിന്ദുത്വര്‍ രംഗത്തെത്തിയത്.

Tags:    

Similar News