ഗ്യാന്‍ വാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയില്‍; ഹരജി പരിഗണിക്കുന്നതിനായി ബെഞ്ച് രൂപീകരിക്കും
ന്യൂഡല്‍ഹി: ഗ്യാന്‍ വാപി മസ്ജിദ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സര്‍വേയ്ക്കിടെ പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ക്ഷേത്ര കമ്മിറ്റി അവകാശവാദമുന്നയിച്ചതിനെത്തുടര്‍ന്ന് സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും. അതിനാല്‍ മസ്ജിദ് ഉള്‍പ്പെടുന്ന ഗ്യാന്‍ വ്യാപി സമുച്ചയത്തിന്റെ സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിന്ദുത്വ സംഘടനകളുടെ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഇക്കാര്യം ഇന്നലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ മുമ്പാകെ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ ഉന്നയിച്ചു.
ഇതോടെയാണ് ബെഞ്ച് രൂപീകരിച്ച് ഇന്ന് വൈകീട്ട് മൂന്നിനു ഹരജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. പ്രദേശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിന് മുന്‍ ഉത്തരവ് നീട്ടിക്കൊണ്ടുള്ള കോടതിയുടെ മറ്റൊരു ഉത്തരവ് ആവശ്യമാണെന്നും ശങ്കര്‍ ജെയിന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, പി എസ് നരസിംഹ എന്നിവരും ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ ഉള്‍പ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന.
മസ്ജിദിന്റെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പാര്‍വതി ദേവിയുടെ ആരാധനാലയമായ മാ ശൃംഗാര്‍ ഗൗരി പ്രതിഷ്ഠയില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിയും, ഇതിനെതിരേ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഹരജി പരിഗണിക്കാനുള്ള ബെഞ്ചും സുപ്രിംകോടതി ഇന്ന് തീരുമാനിക്കും.
ഗ്യാന്‍ വാപി മസ്ജിദ് പരിസരത്ത് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വസ്തു ശിവലിംഗമാണോ അതോ ജലധാരയാണോ എന്നറിയാന്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വസംഘടനകള്‍ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ മാസം വാരാണസി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഗ്യാന്‍ വാപി മസ്ജിദ് ഹൈന്ദവ ക്ഷേത്രമാണെന്നും ഇപ്പോഴും ഹിന്ദുദേവതകളുണ്ടെന്നും ചൂണ്ടിക്കാട്ടി ഗ്യാന്‍ വാപി പള്ളിയുടെ പരിസരത്ത് ആരാധന നടത്താനുള്ള അവകാശവാദമുന്നയിച്ച് ഹിന്ദുത്വസംഘടനകള്‍ സിവില്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
അഭിഭാഷക കമ്മീഷണറെക്കൊണ്ട് മസ്ജിദിന്റെ സര്‍വേ നടത്താന്‍ സിവില്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് അഡ്വക്കറ്റ് കമ്മീഷണര്‍ വീഡിയോഗ്രാഫ് ചെയ്ത സര്‍വേ നടത്തി റിപോര്‍ട്ട് സിവില്‍ കോടതിയില്‍ സമര്‍പ്പിച്ചു. സര്‍വേ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലത്ത് കണ്ടെത്തിയ വസ്തു ശിവലിംഗമാണെന്ന് ഹിന്ദുത്വസംഘടനകള്‍ അവകാശപ്പെട്ടു. എന്നാല്‍, ഇത് ജലധാര മാത്രമാണെന്നാണ് മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കിയത്. മെയ് 20ന് സിവില്‍ കോടതിയുടെ മുമ്പാകെയുള്ള കേസ് സുപ്രിംകോടതി ജില്ലാ ജഡ്ജിക്ക് കൈമാറി. പള്ളിക്ക് ചുറ്റും സിആര്‍പിഎഫും പോലിസും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിനും എസ്പിക്കുമാണ് സുരക്ഷാ ചുമതല.