ഗ്യാന്‍വാപി മസ്ജിദ് വിവാദം;സംഘപരിവാര്‍ ഗൂഢാലോചനയെ മുസ്‌ലിംകള്‍ ചെറുത്തു തോല്പിക്കണം:ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ഗ്യാന്‍വാപി മസ്ജിദ് ഒരു ക്ഷേത്രവും തകര്‍ത്ത് നിര്‍മ്മിച്ചതല്ലെന്നും തൊട്ടടുത്തുള്ള വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം അക്രമികള്‍ കേട് പാടുകള്‍ വരുത്തിയപ്പോള്‍ അന്നത്തെ ഭരണാധികാരിയായ ഔറംഗസീബാണ് സ്‌റ്റേറ്റ് ട്രഷറിയില്‍ നിന്ന് പണമെടുത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

Update: 2022-05-17 05:56 GMT

ന്യൂഡല്‍ഹി:ഗ്യാന്‍വാപി മസ്ജിദ് അനധികൃതമായി സര്‍വേ നടത്തി അടച്ചുപൂട്ടാനുള്ള കോടതി ഉത്തരവിനെ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന മുഹമ്മദ് അഹമ്മദ് ബേഗ് നദ് വി ശക്തമായി അപലപിച്ചു.ജനാധിപത്യത്തില്‍ സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും ഏറ്റവും മോശമായ ഉദാഹരണമാണ് മസ്ജിദിലെ ശുദ്ധീകരണ മുറി(വുദൂ ഖാന:)സീല്‍ ചെയ്യാനുള്ള ഉത്തരവ്. ഇങ്ങനെയൊരു ഉത്തരവ് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.ഇതിനെതിരേ മതേതരത്വം സംരക്ഷിക്കാന്‍ ബാധ്യതയുള്ള എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പുരാതനമായ ഗ്യാന്‍വാപി മസ്ജിദ് ഒരു ക്ഷേത്രവും തകര്‍ത്ത് നിര്‍മ്മിച്ചതല്ലെന്നും തൊട്ടടുത്തുള്ള വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം അക്രമികള്‍ കേട് പാടുകള്‍ വരുത്തിയപ്പോള്‍ അന്നത്തെ ഭരണാധികാരിയായ ഔറംഗസീബാണ് സ്‌റ്റേറ്റ് ട്രഷറിയില്‍ നിന്ന് പണമെടുത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഭരണഘടനാ വിരുദ്ധമായ സര്‍വേയുടെ പിന്‍ബലത്തില്‍ സീല്‍ ചെയ്യാനുള്ള ഉത്തരവ് മുസ്‌ലിംകള്‍ എന്ത് വില കൊടുത്തും ചെറുത്തു തോല്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1937ല്‍ ദിന്‍ മുഹമ്മദ് വേഴ്‌സസ് സ്‌റ്റേറ്റ് സെക്രട്ടറി കേസില്‍ കോടതി വാക്കാലുള്ള തെളിവുകളുടെയും രേഖകളുടെയും വെളിച്ചത്തില്‍ മസ്ജിദും അതിന്റെ പരിസരം മുഴുവനും മുസ്‌ലിം വഖ്ഫിന്റേതാണെന്നും അതിനാല്‍ അവിടെ മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവകാശമുണ്ടെന്ന് നിര്‍ണ്ണയിച്ചതും,അതില്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലം പള്ളിയുടേതാണെന്ന് തീരുമാനമായതും ഒരു ചരിത്ര വസ്തുതയാണ്.1991ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ നിയമം 1991 അനുസരിച്ച് ഇത്തരം കേസുകളില്‍ കോടതിക്ക് ഇടപെടാന്‍ അവകാശമില്ല. അതേ സമയം സംഘപരിവാര്‍ ദുശ്ശക്തികളുടെ കൈകടത്തലിനും അതിക്രമത്തിനും എതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഒരു സര്‍വേ പുറപ്പെടുവിച്ച് അംഗശുദ്ധി വരുത്തുന്ന സ്ഥലം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത് തികച്ചും അന്യായമായ നടപടിയാണ്.സംഘപരിവാറിന്റെ ഈ ഗൂഢാലോചനയെ പരാജയപ്പെടുത്താനും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് വര്‍ഗീയ ദുശ്ശക്തികളെ ചെറുത്തു തോല്‍പ്പിക്കാനും മതേതര ചിന്താഗതിക്കാരായ പൗരന്മാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബാബരിക്ക് ശേഷം വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന പള്ളികള്‍ക്കു നേരെയുള്ള അവകാശവാദവും കയ്യേറ്റവും കേവല മുസ്‌ലിം പ്രശ്‌നമല്ല, രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്ന മുഴുവന്‍ പൗരജനങ്ങളുടെയും മതേതര പാര്‍ട്ടികളുടെയും കൂടി പ്രശ്‌നമാണ്.കോടതിയുടെ തീരുമാനം നീതിയുടെയും വിശ്വാസത്തിന്റെയും ആവശ്യകതകളെ ഒരിക്കല്‍ കൂടി അട്ടിമറിച്ചിരിക്കുന്നു. അതിനാല്‍ ഈ ഉത്തരവ് നടപ്പാക്കാതെ ഉടനടി നിര്‍ത്തിവെക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

മതേതര മനസ്സുകളെ മുറിപ്പെടുത്തുന്ന നടപടിയുമായി മുന്നോട്ട് പോകാനാണ് ഭരണകൂട തീരുമാനമെങ്കില്‍, ഈ അനീതിക്കും അന്യായത്തിനുമെതിരെ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഇമാമുമാരുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും ബാബരി മസ്ജിദിനൊപ്പം ഗ്യാന്‍ വാപി മസ്ജിദിനും നീതി ലഭ്യമാക്കാന്‍ എല്ലാ തലങ്ങളിലും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.നീതിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും പ്രത്യേകിച്ച് മുസ്‌ലിംകളോടും തങ്ങളുടെ ആരാധനാലയങ്ങള്‍ ജനാധിപത്യപരമായി സംരക്ഷിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News