ഹജ്ജ്: പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ കരിപ്പൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ബിനോയ് വിശ്വം

ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കും കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. മഖ്‌സൂദ് അഹമദ് ഖാനും എംപി കത്തുകള്‍ അയച്ചു.

Update: 2021-01-16 03:53 GMT

തിരുവനന്തപുരം: ഹജ് തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കും കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. മഖ്‌സൂദ് അഹമദ് ഖാനും എംപി കത്തുകള്‍ അയച്ചു.

രാജ്യത്ത് തന്നെ ഏറ്റവും അധികം തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍. ഹജ് ഹൗസ് അടക്കമുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ അവിടെയുണ്ട്. അങ്ങനെയുള്ള കരിപ്പൂരിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് നീതീകരണമില്ലന്ന് ബിനോയ് വിശ്വം കത്തില്‍ പറഞ്ഞു.

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്നാണ് ഹജ്ജ് കമ്മറ്റി അറിയിച്ചു.

കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയത് എന്നാണ് അധികൃതരുടെ വിശദീകരണം.

Tags:    

Similar News