ഹലാല്‍ വിവാദത്തിന് പിന്നില്‍ ആര്‍എസ്എസ്; മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമെന്നും കോടിയേരി ബാലകൃഷ്ണന്‍
മറ്റു പല സംസ്ഥാനങ്ങളിലും അത്തരമൊരു സ്ഥിതിയുണ്ടെങ്കിലും കേരളം വ്യത്യസ്ഥത പുലര്‍ത്തുന്ന സംസ്ഥാനമാണ്. ഇത് തകര്‍ക്കാനുള്ള നീക്കത്തെ കേരളസമൂഹം അംഗീകരിക്കുമെന്ന് തോന്നുന്നില്ല
തിരുവനന്തപുരം: ഹലാല്‍ വിവാദം മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഹലാല്‍ വിവാദത്തിന് പിന്നില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ടവരാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഇത്തരം പ്രചാരണങ്ങള്‍ കേരളത്തിന് നല്ലതല്ല. പൊതുസമൂഹം അതിന് എതിരാണെന്ന് കണ്ടപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം അതിനെ തള്ളിപറഞ്ഞതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹനം കൊടുക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. അത് കേരളീയ സമൂഹത്തില്‍ മതമൈത്രി തകര്‍ക്കുന്നതിന് കാരണമായേക്കും. മറ്റു പല സംസ്ഥാനങ്ങളിലും അത്തരമൊരു സ്ഥിതിയുണ്ടെങ്കിലും കേരളം വ്യത്യസ്ഥത പുലര്‍ത്തുന്ന സംസ്ഥാനമാണ്. ഇത് തകര്‍ക്കാനുള്ള നീക്കത്തെ കേരളസമൂഹം അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ നിലപാടായിട്ട് ഇക്കാര്യം പുറത്ത് വന്നതായി കാണുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് തന്നെ അതിനെ തള്ളി പറഞ്ഞു. അവര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തമല്ല. അത് ആര്‍എസുഎസുമായി ബന്ധപ്പെട്ട ആളുകള്‍ നടത്തുന്ന പ്രസ്താവനയായിട്ടാണ് തോന്നുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു.