കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; വിരമിച്ച ശേഷവും ഇവിടെ തുടരും: ഋഷിരാജ് സിങ്
36 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിന് ശേഷമാണ് ഋഷിരാജ് സിങ് ഇന്ന് വിരമിക്കുന്നത്.
തിരുവനന്തപുരം: കേരള പോലിസിലെ 'സിങ്കം' ഋഷിരാജ് സിങ് ഇന്നു വിരമിക്കും. നിലവില്‍ ജയില്‍ മേധാവിയാണ് അദ്ദേഹം. കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പോലിസിന്റെ യാത്ര അയപ്പ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതില്‍ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്. ഏറെക്കാലം കേരളത്തിലാണ് ജോലി ചെയ്തത്. ഇതിനിടെ സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരഷ്ട്രയിലും ജോലി ചെയ്തു.
36 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിന് ശേഷമാണ് ഋഷിരാജ് സിങ് ഇന്ന് വിരമിക്കുന്നത്.ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ അദ്ദേഹം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാട്ടില്‍പുറങ്ങളിലെ ക്ലബ്ബുകളുടെ പരിപാടികളില്‍ പോലും ഉദ്ഘാടകനായി എത്താറുള്ള ഋഷിരാജ് സിങ് കേരളത്തിലെ ഏറ്റവും ജനകീയനായ ഉന്നത പോലിസ് ഉദ്യോഗസ്ഥനാണ്.