പോലിസില്‍ വന്‍ അഴിച്ചുപണി; ഋഷിരാജ് സിങ് ജയില്‍ ഡിജിപി

ഐഎഎസ് ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളായുള്ള എതിര്‍പ്പ് മറികടന്നാണ് മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണറേറ്റുകള്‍ രൂപീകരിച്ചിട്ടുള്ളത്

Update: 2019-06-07 00:59 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സേനയില്‍ വന്‍ അഴിച്ചുപണി. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചു. ക്രമസമാധാന ചുമതല ഒരു എഡിജിപിക്കു കീഴിലാക്കി.എക്‌സൈസ് കമ്മീഷണറായിരുന്ന ഡിജിപി ഋഷിരാജ് സിങിനെ ജയില്‍ ഡിജിപിയായും ആ സ്ഥാനത്തുണ്ടായിരുന്ന ആര്‍ ശ്രീലേഖയെ ട്രാഫിക് എഡിജിപിയായി നിയമിച്ചു. ഐജി റാങ്കിലുള്ളവരെ കമ്മീഷണര്‍മാരായി നിയമിച്ചാണ് പുതിയ രണ്ട് കമ്മീഷണറേറ്റുകള്‍ സ്ഥാപിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ വര്‍ഷങ്ങളായുള്ള എതിര്‍പ്പ് മറികടന്നാണ് മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണറേറ്റുകള്‍ രൂപീകരിച്ചിട്ടുള്ളത്. ഐജി ദിനേദ്ര കശ്യപ് തിരുവനന്തപുരത്തും വിജയ് സാക്കറേ കൊച്ചിയിലും കമ്മീഷണര്‍മാരാകും. ഇതോടെ എക്‌സൈസ്, ജയില്‍ വകുപ്പ് മേധാവികള്‍ മാറും. സ്ഥാനം മാറ്റിയും മറ്റുമുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.

    സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഏക എഡിജിപിയായി ഷെയ്ഖ് ദര്‍വേസ് സാഹിബിനെയും പോലിസ് ആസ്ഥാനത്ത് മനോജ് എബ്രഹാമിനെയും നിയമിച്ചു. എഡിജിപി എസ് ആനന്ദകൃഷ്ണന്‍ എക്‌സൈസ് കമ്മീഷണറും എഡിജിപി ടോമിന്‍ തച്ചങ്കരി ബറ്റാലിയന്‍ മേധാവിയപമാവും. എസ് പത്മകുമാറിനെ തീരദേശ സെക്യൂരിറ്റി എഡിജിപിയാക്കി. റെയ്ഞ്ചുകളില്‍ ഐജിമാര്‍ക്കു പകരം ഡിഐജിമാരും സോണുകളില്‍ ഐജിമാരെയും നിയമിച്ചിട്ടുണ്ട്. ദക്ഷിണമേഖലാ ഐജിയായി എം ആര്‍ അജിതുമാകറും ഉത്തര മേഖലാ ഐജിയായി അശോക് യാദവും സ്ഥാനമേല്‍ക്കും. തിരുവനന്തപുരം റേഞ്ച് ഡിഐജിയായി സഞ്ജയ്കുമാര്‍ ഗുരുദിനെയും കൊച്ചിയില്‍ കാളിരാജ് മഹേഷ്‌കുമാറിനെയും തൃശൂരില്‍ എസ് സുരേന്ദ്രനും കണ്ണൂരില്‍ കെ സേതുരാമനെയും നിയമിച്ചു.



Tags:    

Similar News