ഫേസ്ബുക്ക് പോര് അതിരുകടന്നു; ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
ബംഗളൂരു: കര്‍ണാടകയില്‍ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായി പോരടിച്ച ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിക്കും ഐപിഎസ് ഓഫിസറും കരകൗശല വികസന കോര്‍പറേഷന്‍ എംഡിയുമായ ഡി രൂപയ്ക്കുമെതിരേയാണ് കര്‍ണാടക സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. മന്തിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി. ഇരുവരേയും എങ്ങോട്ടാണ് സ്ഥലം മാറ്റിയതെന്ന് ഉത്തരവില്‍ പറയുന്നില്ല.
ഇരുവര്‍ക്കും വേറെ പദവികളൊന്നും നല്‍കിയിട്ടില്ല. ഇവര്‍ക്കൊപ്പം രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മൗനീഷ് മുദ്ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഡി രൂപയുടെ ഭര്‍ത്താവ് മുനിഷ് മൗദ്ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ കൊവിഡ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയില്‍ നിന്ന് ഡിപിഎആര്‍ വിഭാഗത്തിലേക്കാണ് മാറ്റിയത്. രോഹിണി സിന്ദൂരിക്കെതിരേ ഡി രൂപ അഴിമതി ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം.
മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള രോഹിണിയുടെ സ്വകാര്യചാറ്റ് കൂടി രൂപ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഇതോടെ രൂപയ്ക്ക് ഭ്രാന്താണെന്നും തന്റെ സ്വകാര്യ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി തിരിച്ചടിച്ചു. പോര് അതിരുവിട്ടതോടെ ഇരുവരോടും പരസ്യപ്രതികരണങ്ങള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് സ്ഥലംമാറ്റ നടപടി സ്വീകരിച്ചിരിക്കുന്നത്.