ഒരുവര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചതില്‍ സന്തോഷം; ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോ എന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും പാര്‍ട്ടിക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

Update: 2021-10-31 06:42 GMT

തിരുവനന്തപുരം: ഒരു വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജാമ്യം ലഭിച്ച് മകന്‍ ബിനീഷ് കോടിയേരി തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ഒരു വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. കേസ് കോടതിയില്‍ നിലനില്‍ക്കുന്നതുകൊണ്ട് കേസ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോ എന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും പാര്‍ട്ടിക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. ഇ.ഡി ക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ അവരുടെ ഇടപെടലുകള്‍ തെളിയിക്കുന്നതും അതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News