കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ ഹൈക്കോടതിയില്‍ പരാതിയുമായി അഡ്വ.സൈബി ജോസ്. ഹരജിയില്‍ അനാവശ്യമായി ഒരിടപെടലും നടത്തിയിട്ടില്ല. കേസില്‍ വിശദമായ വാദം നടത്താന്‍ തയ്യാറാണെന്നും സൈബി വ്യക്തമാക്കി. കേസിലെ കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരായ വാര്‍ത്തകളാവുന്നുവെന്ന വാദമുന്നയിച്ചാണ് സൈബി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇന്ന് തന്നെ വാദം നടത്താന്‍ താന്‍ തയ്യാറാണെന്നും സൈബി പറഞ്ഞു.
എന്നാല്‍, വാദം നാളത്തേയ്ക്ക് മാറ്റണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പട്ടു. ഇത് പരിഗണിച്ച് ബുധനാഴ്ചത്തേയ്ക്ക് വാദം മാറ്റി. സിനിമയുടെ കഥ ചര്‍ച്ച ചെയ്യാന്‍ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, കേസിലെ വിചാരണ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പരാതിക്കാരിയുടെ പേരില്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചെന്നാണ് ആരോപണം. കൈക്കൂലി കേസില്‍ ആരോപണവിധേയനായ സൈബിയാണ് ഈ കേസില്‍ ഉണ്ണിമുകുന്ദന് വേണ്ടി ഹാജരായത്.
തനിക്ക് കേസുമായി മുന്നോട്ടുപോവാന്‍ താല്‍പ്പര്യമില്ലെന്നാണ് യുവതിയുടെ പേരില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് പരിഗണിച്ച കോടതി കേസിന്റെ വിചാരണ നടപടികള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, ഇത് വ്യാജ സത്യവാങ്മൂലമാണെന്ന് കാട്ടി യുവതി കോടതിയെ സമീപിച്ചതോടെ കേസിന്റെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്ത നടപടി കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് അഭിഭാഷകന്‍ സൈബി ജോസിനെതിരേ കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സൈബിയോട് കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഇയാള്‍ ഇന്ന് നേരിട്ട് ഹാജരായത്.