പീഡനക്കേസ്: സിവിക് ചന്ദ്രന്‍ അറസ്റ്റില്‍

Update: 2022-10-25 05:32 GMT

കോഴിക്കോട്: ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്ന് രാവിലെ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ സിവിക് ചന്ദ്രന്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്നാണ് സിവിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 20 നാണ് ഹൈക്കോടതി സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹരജി പരിഗണിച്ചാണ് ജാമ്യം റദ്ദാക്കിയത്. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അതിജീവിതയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്. 2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമപ്രകാരവുമാണ് സിവിക് ചന്ദ്രനെതിരേ പോലിസ് കേസെടുത്തത്. നേരത്തെ പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ച ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം പിന്നീട് ഹൈക്കോടതി നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, മറ്റൊരു പീഡന കേസില്‍ സിവികിന്റെ മുന്‍കൂര്‍ ജാമ്യം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചിച്ചുണ്ട്. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.

Tags:    

Similar News