ഭാരതരത്‌ന നല്‍കേണ്ടയാള്‍ക്ക് പീഡനം; സിസോദിയക്കെതിരേയുള്ളത് വ്യാജആരോപണമെന്ന് കെജ്രിവാള്‍

Update: 2022-08-22 12:50 GMT

ന്യൂഡല്‍ഹി: വിദ്യാഭ്യാസമേഖലയിലെ സംഭാവനകള്‍ക്ക് ഭാരതരത്‌ന അര്‍ഹിക്കുന്ന മനീഷ് സിസോദിയയെപ്പോലുള്ള വ്യക്തിയെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഏഴ് പതിറ്റാണ്ടിനിടെ മറ്റുള്ളവര്‍ക്ക് നേടാന്‍ കഴിയാത്തത് സിസോദിയക്ക് ചെയ്യാനായെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഗുജറാത്ത് സന്ദര്‍ശനവേളയിലാണ് കെജ്രിവാള്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്.

'70 വര്‍ഷം കൊണ്ട് മറ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത രീതിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അദ്ദേഹം (മനീഷ് സിസോദിയ) പരിഷ്‌കരിച്ചു. അങ്ങനെയുള്ള ഒരാള്‍ക്ക് ഭാരതരത്‌നം ലഭിക്കണം. രാജ്യത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രദായവും അദ്ദേഹത്തിന് കൈമാറണം. പകരം കേന്ദ്രം അദ്ദേഹത്തിനെതിരെ സിബിഐ പരിശോധനയാണ് നടത്തുന്നത്'- സിസോദിയയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.

ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ വാഗ്ദാനം ചെയ്തത്.

'എല്ലാ ഗുജറാത്തികള്‍ക്കും സൗജന്യവും മികച്ചതുമായ ആരോഗ്യ ചികിത്സ നല്‍കുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. മൊഹല്ല ക്ലിനിക്കുകള്‍ പോലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ആരോഗ്യ ക്ലിനിക്കുകള്‍ തുറക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്തും, ആവശ്യമെങ്കില്‍ പുതിയ സര്‍ക്കാര്‍ ആശുപത്രികള്‍ തുറക്കും'- കെജ്രിവാള്‍ പറഞ്ഞു.

സൈനികര്‍ക്ക് നല്‍കുന്നതുപോലെ ഡ്യൂട്ടിക്കിടെ ജീവന്‍ വെടിയുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ഒരു കോടി രൂപ സഹായധനം നല്‍കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡ്യൂട്ടിക്കിടെ ജീവനക്കാര്‍ മരിക്കുന്നത് മനുപ്പൂര്‍വമല്ല. തിരഞ്ഞെടുപ്പ് കാരണമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ബിജെപി രാജ്യത്ത് മറ്റൊരിടത്തും ഇത് നടപ്പാക്കിയിട്ടില്ല, ഇവിടെ തിരഞ്ഞെടുപ്പ് ഉള്ളതിനാലാണ് ഇത് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നും നാളെയുമാണ് കെജ്രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം. എഎപി സര്‍ക്കാരിന്റെ മുന്‍ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയും കെജ്രിവാളിനൊപ്പമുണ്ട്.

ചൊവ്വാഴ്ച ഭാവ്‌നഗറില്‍ നടക്കുന്ന ടൗണ്‍ഹാള്‍ യോഗത്തില്‍ അവര്‍ പങ്കെടുക്കും.

'വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കാന്‍ തിങ്കളാഴ്ച ഞാനും മനീഷ് ജിയും ഗുജറാത്തിലേക്ക് പോകും. ഡല്‍ഹിയെപ്പോലെ ഗുജറാത്തിലും നല്ല സ്‌കൂളുകളും നല്ല ആശുപത്രികളും മൊഹല്ല ക്ലിനിക്കുകളും ഉണ്ടാകും. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും നല്ല ചികിത്സയും ലഭിക്കും. ആശ്വസിക്കാം, ഞങ്ങള്‍ യുവാക്കളുമായി സംവദിക്കും'- കെജ്രിവാള്‍ ട്വീറ്റില്‍ പറഞ്ഞു.

Tags:    

Similar News