'ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്'; വിശദീകരണവുമായി പുകസ

Update: 2022-06-17 12:31 GMT

കോഴിക്കോട്: നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണ ചടങ്ങില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ അവസാന നിമിഷം ഒഴിവാക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാ സാഹിത്യ സംഘം (പുകസ) രംഗത്ത്. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ചതുകൊണ്ടാണ് ശാന്തന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പുകസ കോഴിക്കോട് ജില്ലാ സെക്രട്ടറി യു ഹേമന്ദ്കുമാര്‍ പറഞ്ഞു. കറുത്ത മാസ്‌ക് സംബന്ധിച്ച ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റും തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു.

എന്നാല്‍, ചടങ്ങില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ഹരീഷിനെ അറിയിക്കാന്‍ വൈകിപ്പോയതില്‍ ഖേദമുണ്ടെന്ന് പുകസ വ്യക്തമാക്കി. എ ശാന്തന്റെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷ് പേരടിയായിരുന്നു. എന്നാല്‍, അവസാന നിമിഷം വരേണ്ടെന്ന് വിളിച്ചറിയിക്കുകയായിരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതിനുശേഷമാണ് സംഘാടകര്‍ തന്നോട് വരേണ്ടെന്ന് അറിയിച്ചതെന്നും ഹരീഷ് പറയുന്നു.

മുഖ്യാതിഥിയായിരുന്ന നടന്‍ സുധീഷിനെയാണ് അനുസ്മരണ ചടങ്ങില്‍ ഉദ്ഘാടകനാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവും കറുത്ത മാസ്‌ക് വിലക്കും വിവാദമായിരിക്കെയാണ് കഴിഞ്ഞ ദിവസം ഹരീഷ് പേരടി ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരേ പരോക്ഷ വിമര്‍ശനമുയര്‍ത്തി പോസ്റ്റിട്ടത്. രുദിവസത്തേക്കെങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌കും ധരിക്കുക. പേടിത്തൂറിയനായ ഫാഷിസ്റ്റിന് നേരെയുള്ള പ്രതിഷേധമാണിതെന്നായിരുന്നു ഫേസ്ബുക്കിലെ കുറിപ്പ്. ഇതാണ് പുകസയെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്.

Tags:    

Similar News