യുപിഎസ് സി ജിഹാദ്: സുദര്‍ശന്‍ ടിവിയുടെ മുസ്‌ലിം വിദ്വേഷപരിപാടിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി
ഐഎഎസ്, ഐപിഎസ് തസ്തികയിലേക്ക് മുസ്‌ലിം സമുദായത്തില്‍നിന്ന് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തിന് ദോഷകരമാണെന്നും അതിനു പിന്നില്‍ 'യുപിഎസ്‌സി ജിഹാദാ'ണെന്നുമായിരുന്നു വിദ്വേഷപരിപാടിയുടെ പ്രോമോയില്‍ സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹാന്‍കെ ആരോപിക്കുന്നത്.
ന്യൂഡല്‍ഹി: യുപിഎസ് സിയിലേക്ക് മുസ്‌ലിംകള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. മുസ്‌ലിം വിദ്വേഷം ജനിപ്പിക്കുന്നതും ഇസ്‌ലാംഭീതി ഉയര്‍ത്തുന്നതുമാണെന്ന പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്ത പരിപാടിയെയാണ് ഇപ്പോള്‍ കേന്ദ്രം വെള്ളപൂശിയിരിക്കുന്നത്. സുദര്‍ശന്‍ ടിവി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചാനല്‍ ഏതെങ്കിലും തരത്തിലുള്ള പ്രോഗ്രാം കോഡ് ലംഘിച്ചാല്‍ അതിനെതിരേ നിയമനടപടിയെടുക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വിവാദപരിപാടി സംബന്ധിച്ച സുദര്‍ശന്‍ ടിവി അധികൃതര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്യുന്ന ബിന്ദാസ് ബോല്‍ പരിപാടി ഒരു നിയമവും ലംഘിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന് നല്‍കിയ വിശദീകരണത്തില്‍ ചാനല്‍ അധികൃതര്‍ അവകാശപ്പെട്ടത്. ഐഎഎസ്, ഐപിഎസ് തസ്തികയിലേക്ക് മുസ്‌ലിം സമുദായത്തില്‍നിന്ന് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തിന് ദോഷകരമാണെന്നും അതിനു പിന്നില്‍ 'യുപിഎസ്‌സി ജിഹാദാ'ണെന്നുമായിരുന്നു വിദ്വേഷപരിപാടിയുടെ പ്രോമോയില്‍ സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹാന്‍കെ ആരോപിക്കുന്നത്.
ട്വിറ്ററില്‍ പങ്കുവച്ച വീഡിയോക്കെതിരേ വ്യാപകപ്രതിഷേധമുയരുകയും ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ വിദ്യാര്‍ഥികള്‍ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ബിന്ദാസ് ബോല്‍ എന്ന പരിപാടി ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ വിദ്യാര്‍ഥികളെയും പൂര്‍വവിദ്യാര്‍ഥികളെയും പ്രത്യേകിച്ചും മുസ്ലിം ജനവിഭാഗത്തെ സാമാന്യമായും അവഹേളിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പരിപാടിയാണെന്ന് പരാതിക്കാര്‍ ബോധിപ്പിച്ചു. സുദര്‍ശന്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകനായ സുരേഷ് ചാവ്ഹാന്‍കെയുടെ മുസ്ലിംകള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടിയുടെ ട്രയിലറിന്റെ കോപ്പി പരാതിക്കാര്‍ കോടതിക്ക് കൈമാറി.
അഭിഭാഷകനായ ഷാദന്‍ ഫറാസാത്താണ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായത്. പ്രഥമദൃഷ്ടിയാല്‍ പരിപാടി വിദ്വേഷപ്രചാരണം നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നവിന്‍ ചാവ്ലയുടെ ബഞ്ച് വിദ്വേഷപരിപാടി സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടത്. ചാനല്‍ പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരേ ഐപിഎസ് അസോസിയേഷനും രംഗത്തുവന്നിരുന്നു.