സുദര്‍ശന്‍ ന്യൂസിനെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യണമെന്ന് ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷന്‍

Update: 2020-09-24 17:59 GMT
ന്യൂഡല്‍ഹി: സുദര്‍ശന്‍ ന്യൂസ് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫും സിഎംഡിയുമായ സുരേഷ് ചാവങ്കെയുടെ ഇന്ത്യാ വിരുദ്ധ-ജാമിഅ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്ന് ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷന്‍ സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. സുരേഷ് ചാവങ്കെയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി 2020 ആഗസ്ത് 25ന് ഒരു ട്വീറ്റും വീഡിയോ സന്ദേശവും പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ യുപിഎസ്‌സിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ആക്ഷേപകരമായ വാക്കുകളിലാണ് പരാമര്‍ശിക്കുന്നതെന്നും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന മുസ് ലിംകളെ 'ജിഹാദി' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ജാമിഅയുടെ റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയെ മോശമായ രീതിയിലാണ് ഇതിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്നും ജാമിഅയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ 'ജാമിഅ കെ ജിഹാദി' എന്ന് വിളിച്ചതായും ആരോപിക്കുന്നുണ്ട്.

    സുദര്‍ശന്‍ ന്യൂസിന്റെ സിഎംഡി പരസ്യമായി അവഹേളിക്കുന്നതും സഹ പൗരന്മാര്‍ക്കെതിരേ വിഷം വമിക്കുന്നതും ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതുമായ നിരവധി വാക്കുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കാനാണ് ഇതുവഴി ശ്രമിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍എസ്എസ് കൈകാര്യം ചെയ്യുന്നതിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകളിലേക്ക് ഇത് ടാഗ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത്തരത്തില്‍ മുസ് ലിംകളെയും ജാമിഅ സര്‍വകലാശാലയെയും മോശമായി ചിത്രീകരിച്ച് ട്വീറ്റ് ചെയ്യുകയും പ്രമോഷനല്‍ വീഡിയോ പുറത്തിറക്കുകയും ചെയ്ത സംഭവത്തില്‍ ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷന്‍ ശക്തമായി അപലപിച്ചു.

    ഐപിസി, യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ക്രിമിനല്‍ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു.

Jamia Teachers' Association requests the University administration to file Criminal Defamation Suit against Sudarshan News TV




Tags:    

Similar News