സിപിഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ നിന്നു കുഞ്ഞാലിക്കുട്ടി അവസാനനിമിഷം പിന്‍മാറി

Update: 2023-11-09 05:28 GMT
കണ്ണൂര്‍: ഫലസ്തീന്‍ സെമിനാറില്‍ ക്ഷണിച്ചതു സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ കണ്ണൂരില്‍ സിപിഎം അനുകൂല ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പിന്‍മാറി. സിപിഎം നിയന്ത്രണത്തിലുള്ള എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ന് രാവിലെ 10ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച എംവിആര്‍ അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍നിന്നാണ് കുഞ്ഞാലിക്കുട്ടി പിന്‍മാറിയത്. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പ്രതിഷേധമുയര്‍ന്നിരുന്നു. പ്രത്യേകിച്ച് കണ്ണൂര്‍ പോലൊരു ജില്ലയില്‍ ലീഗ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് നടപടിയെന്നാണ് വിമര്‍ശനം. മാത്രമല്ല, കെ സുധാകരന്റെ തട്ടകത്തില്‍ തന്നെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിമര്‍ശനം. സിപിഎം നേതാക്കള്‍ നടത്തുന്ന പരിപാടിയില്‍ യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാവ് പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സിഎംപിയും അറിയിച്ചിരുന്നു. യുഡിഎഫ് പക്ഷത്ത് നില്‍ക്കുന്ന സിഎംപിയുടെ സംസ്ഥാന ഭാരവാഹികള്‍ ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ വേറെയും എംവിആര്‍ അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അവസാന നിമിഷം പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചതെന്നാണ് വിവരം. ഇന്നലെയും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന കുഞ്ഞാലിക്കുട്ടിയെ ജില്ലാ ലീഗ് നേതൃത്വവും യുഡിഎഫിനൊപ്പമുള്ള സി പി ജോണ്‍ വിഭാഗവും എതിര്‍പ്പ് അറിയിച്ചതോടെയാണ് അവസാന നിമിഷം പിന്‍മാറിയത്. എം വി രാഘവന്റെ അവസാനകാലത്ത് പിളര്‍ന്ന സിഎംപിയിലെ ഇരുവിഭാഗങ്ങളും എംവിആര്‍ അനുസ്മരണം കുറച്ചുകാലമായി വെവ്വേറെയാണ് നടത്തുന്നത്. പിന്നീട് സിപിഎമ്മില്‍ ലയിച്ച അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് കുഞ്ഞാലിക്കുട്ടിയെ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്. 'കേരള നിര്‍മിതിയില്‍ സഹകരണമേഖലയുടെ പങ്ക്' എന്ന സെമിനാറില്‍ മുഖ്യപ്രഭാഷകനായാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരുന്നത്. ഫലസ്തീന്‍ സെമിനാറില്‍ ലീഗിനെ സിപിഎം ക്ഷണിച്ചതും ഇതുസംബന്ധിച്ച് ലീഗും സുധാകരനും തമ്മിലുള്ള തര്‍ക്കവുമെല്ലാം ഒത്തുതീര്‍പ്പാവുന്നതിനിടെ കണ്ണൂരിലെ സിപിഎം പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നുവെന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
Tags:    

Similar News