മുസ് ലിം ലീഗ് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കുള്ള അംഗീകാരമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജി തള്ളിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി. മുസ് ലിം ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി ഈ കോടതി വിധി മാറിയിരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരോ മുസ് ലിം ലീഗുകാരനും ഇന്ന് അഭിമാനിക്കാവുന്ന സുദിനമാണ്. നമ്മുടെ അസ്ത്വിത്തത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തവര്‍ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മള്‍ അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരും. മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നേതാവ് നല്‍കിയ കേസ് സുപ്രിം കോടതി ഇന്ന് തള്ളിയിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കേണ്ടത് അതിന്റെ പ്രവര്‍ത്തനങ്ങളും നിലപാടുകളും വിലയിരുത്തിക്കൊണ്ടാവണം. മറിച്ച് പേര് നോക്കിയും, ചിഹ്നം നോക്കിയുമാണ് കണക്കാക്കുന്നതെങ്കില്‍ താമര ചിഹ്നമുള്ള ബിജെപിയുടെ രാഷ്ട്രീയവും മതേതരമെന്നു പറയാന്‍ സാധിക്കില്ല. അത് മതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ് ലിം ലീഗ് കോടതിയില്‍ കേസ് വന്ന സമയത്ത് വാദിച്ചിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളെ തിരഞ്ഞുപിടിച്ച് അതിന്റെ പേരുകള്‍ വച്ച് കൊണ്ട് മാത്രം മതേതരത്വം അളക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മുസ് ലിം ലീഗിന്റെ മതേതരത്വ സ്വഭാവം തെളിയിക്കുന്ന പ്രവര്‍ത്തന രീതികളെ കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു. ഇത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പൊതുസമൂഹം മുസ് ലിം ലീഗിന്റെ മതേതരത്വത്തെ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഹര്‍ജി നില നില്‍ക്കുന്നതല്ല എന്നതായിരുന്നു മുസ് ലിം ലീഗിന്റെ വാദം. ലീഗിന് വേണ്ടി സീനിയര്‍ അഡ്വ. ദുഷ്യന്ത് ദാവെ, അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ് ഷാഹ് തുടങ്ങിയവരൊക്കെ ഈ കേസില്‍ ഹാജരായിരുന്നു. ഇപ്പോള്‍ ഹര്‍ജിക്കാരന്‍ തന്നെ സുപ്രീം കോടതിയില്‍ നിന്നുള്ള കേസ് പിന്‍വലിച്ചിരിക്കുകയാണ്. 2021ല്‍ കൊടുത്ത ഹരജി മുസ് ലിം ലീഗിന്റെ മറുപടി ലഭിച്ചശേഷം വിജയ പ്രതീക്ഷയില്ല എന്ന ബോധ്യത്തോടു കൂടി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് സുപ്രിം കോടതി പിന്‍വലിക്കാന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു. മുസ് ലിം ലീഗ് ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി ഈ കോടതി വിധി മാറിയിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.