കന്യാസ്ത്രീയെ ബലാല്‍സംഗത്തിനിരയാക്കിയെന്ന കേസ്: വിധി അസംബന്ധമെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍
കൊച്ചി; കന്യാസ്ത്രീയെ ബലാല്‍സംഗത്തിനിരയാക്കിയെന്ന കേസില്‍ ജഡ്ജി ഗോപകുമാര്‍ എഴുതിയ വിധിന്യായം അസംന്ധവും അബദ്ധവുമാണെന്ന് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനല്‍ നടപടി നിയമം അരച്ചു കലക്കി കുടിച്ചിട്ടേ പരാതിയുമായി ഇറങ്ങാവൂ എന്നാണ് വിധി സമൂഹത്തോട് പറയുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രായോഗിക സാഹചര്യങ്ങള്‍ പരിഗണിക്കാത്ത ഈ വിധിയ്ക്ക് നിയമസാധുതയില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
289 പേജുള്ള വിധി വായിച്ചു. അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ഇല്ലാത്ത, പ്രായോഗിക സാഹചര്യങ്ങളൊന്നും പരിഗണിക്കാത്ത വിധി.
പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനല്‍ നടപടി നിയമം അരച്ചു കലക്കി കുടിച്ചിട്ടേ പരാതിയുമായി ഇറങ്ങാവൂ എന്നാണ് സമൂഹത്തോടുള്ള ഈ വിധിയുടെ സന്ദേശം.. അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളാകും..
പ്രോസിക്യൂഷന്റെ കേസും പരാതിക്കാരിയുടെ മൊഴികളും തെറ്റാണെന്ന് സ്ഥാപിക്കാന്‍ മിനക്കെട്ടുള്ള ജഡ്ജിയുടെ ശ്രമമാണ് ആത്യന്തം. അതിനുള്ള കുയുക്തികള്‍, കാരണങ്ങള്‍, ലിങ്കുകള്‍ ഒക്കെ കണ്ടെത്തലാണ് ആകെ വിധിയുടെ പണി.
പരാതിക്കാരി വിശ്വസിക്കാന്‍ കൊള്ളാത്തവളാണ് എന്നു സ്ഥാപിക്കാന്‍ ജഡ്ജി ഗോപകുമാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. നെല്ലും പതിരും വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഉള്ള തെളിവുകളും തള്ളിക്കളയുന്നു എന്ന് സംക്ഷിപ്തം. പലവട്ടം കയറിപ്പിടിച്ചു, വിരലുകള്‍ യോനിയില്‍ ബലമായി കടത്തി, ലിംഗം വായില്‍ കടത്തി ഇതൊന്നും കോടതിക്ക് വിഷയമല്ല, ലിംഗം യോനിയില്‍ കടത്തി പീഡിപ്പിച്ചു എന്ന മൊഴി ആദ്യം പലരോടും പറഞ്ഞപ്പോള്‍ വ്യക്തമായി പറഞ്ഞില്ല എന്നത് കൊണ്ട് ബാക്കിയൊക്കെ അവിശ്വസനീയം.. എങ്ങനെണ്ട്?
ഫ്രാങ്കോയും ഇരയും തമ്മില്‍ നടന്നത് ഉഭയകക്ഷി ലൈംഗികബന്ധം എന്നു വരുത്താന്‍ വിധിയില്‍ ശ്രമം. പീഡനം കഴിഞ്ഞും കാറില്‍ ഒരുമിച്ചു സഞ്ചരിച്ചതും ഇമെയില്‍ അയച്ചതും ഒക്കെ പ്രണയബന്ധം കൊണ്ടെന്നു വ്യംഗ്യം..
പരാതിയില്‍, പൊലിസിന് കൊടുത്ത മൊഴിയില്‍, കോടതിയില്‍ കൊടുത്ത മൊഴിയില്‍, ഡോക്ടര്‍ എഴുതിയ മൊഴിയില്‍ ഒക്കെ ചില വ്യത്യാസങ്ങള്‍ ഉള്ളതൊക്കെ വലിയ വൈരുധ്യങ്ങളാക്കി, ആയതിനാല്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളാണ് എന്ന് സ്ഥാപിക്കാന്‍ വിധിയില്‍ ജഡ്ജി നല്ല വിയര്‍പ്പൊഴുക്കിയിട്ടുണ്ട്..
ഇത്തരം കേസുകളില്‍ എത്രനാള്‍ക്കുള്ളില്‍ പരാതിപ്പെടണമെന്നു നിയമവ്യവസ്ഥ പറയുന്നില്ലെങ്കിലും 8 മാസം വൈകിയത് ദുരൂഹമാണെന്നു ജഡ്ജിക്ക് തോന്നുന്നു..
കേസിനു ആധാരമായ സംഭവങ്ങള്‍ മാത്രമല്ല ഗോപകുമാര്‍ ജഡ്ജി വിലയിരുത്തുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരം ദുരുദ്ദേശപരം ആയിരുന്നെന്നും നീതി ഉദ്ദേശിച്ചുള്ളത് അല്ലെന്നും ജഡ്ജി വിധിച്ചിട്ടുണ്ട്.. അതേത് വകുപ്പില്‍ എന്നു ചോദിക്കരുത്..
പാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്‍കുന്നു.
വിധി അനീതിയാണ്, നാളെ ഇത്തരം സഹചര്യങ്ങളില്‍ നിന്ന് നാളെ പരാതിയുമായി ആരും വരാത്ത സഹചര്യമുണ്ടാക്കുന്ന വിധി. ഇരയുടെ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ഏകപക്ഷീയമായ വിലയിരുത്തലുകള്‍..
അപ്പീലിന് നല്ല സ്‌കോപ്പുള്ളതാണ്. സ്‌റ്റേറ്റ് അപ്പീല്‍ പോകണം..
വിധി എങ്ങനെയൊക്കെ തെറ്റാണെന്നും പൊതുസമൂഹത്തോട് പറയണം.