നീതിന്യായ വ്യവസ്ഥ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം: ഹരീഷ് വാസുദേവന്‍
എതിര്‍ വാദങ്ങള്‍ കേള്‍ക്കുക, രണ്ടു കക്ഷികള്‍ക്കും ബോധ്യമാകുന്ന തെളിവുകളെ അടിസ്ഥാനമാക്കി മാത്രം വിധി പ്രസ്താവിക്കുക, ആ വിധികള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നതാവുക എന്നീ അടിസ്ഥാന മൂല്യങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇന്ന് പല കോടതി വിധികളും ഉണ്ടാകുന്നത്.
മാള (തൃശ്ശൂര്‍): ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. സ്വാതന്ത്ര്യ സമര സേനാനി കെ എ തോമസ് മാസ്റ്ററുടെ ഒമ്പതാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ നീതിയും നീതിന്യായ വ്യവസ്ഥയും വര്‍ത്തമാന ഇന്ത്യയില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചില അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു വേണം നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കേണ്ടത്. എതിര്‍ വാദങ്ങള്‍ കേള്‍ക്കുക, രണ്ടു കക്ഷികള്‍ക്കും ബോധ്യമാകുന്ന തെളിവുകളെ അടിസ്ഥാനമാക്കി മാത്രം വിധി പ്രസ്താവിക്കുക, ആ വിധികള്‍ സാമാന്യബുദ്ധിക്ക് നിരക്കുന്നതാവുക എന്നീ അടിസ്ഥാന മൂല്യങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇന്ന് പല കോടതി വിധികളും ഉണ്ടാകുന്നത്. പൗരാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ നിയമ നിര്‍മ്മാണ സഭയേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിച്ച പാരമ്പര്യം ഇന്ത്യന്‍ ജുഡീഷറിക്കുണ്ട്. എന്നാല്‍, അടുത്ത കാലത്ത് ജുഡീഷറി നേരെ എതിര്‍ ദിശയിലാണ് സഞ്ചരിക്കുന്നത്. അയോധ്യ കേസ്, റഫേല്‍ അഴിമതിക്കേസ്, കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കലുമായി ബന്ധപ്പെട്ട കേസ് എന്നിവയിലെല്ലാം സാമാന്യ ബുധിക്ക് നിരക്കാത്ത വിധികളാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്.
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാപവാദ കേസില്‍ ചീഫ് ജസ്റ്റിസ് തന്നെ വിധി പ്രസ്താവിച്ചപ്പോഴും ഒരൊറ്റ അഭിഭാഷകന്‍ പോലും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ജസ്റ്റിസ് മുരളിധരനെ അര്‍ദ്ധരാത്രി സ്ഥലം മാറ്റിയതിലും എതിര്‍പ്പുയര്‍ന്നില്ല. മന്ത്രിമാരൊ ഉദ്യോഗസ്ഥരൊ തെറ്റു ചെയ്താല്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകും. എന്നാല്‍ കോടതി തെറ്റായ വിധി പ്രസ്താവിച്ചാല്‍ ജനങ്ങള്‍ക്ക് മറ്റു പരിഹാരമാര്‍ഗ്ഗങ്ങമളില്ലെന്നും ഹരീഷ് വാസുദേവ് കൂട്ടിച്ചേര്‍ത്തു.
പൗരത്വത്തിന്റെ പരിണാമങ്ങള്‍ എന്ന വിഷയത്തില്‍ കെ ആര്‍ സുമേഷ് പ്രഭാഷണം നടത്തി. കെ എ തോമസ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ യു എസ് ശശി, ടി കെ സന്തോഷ്, എ ആര്‍ രാധാകൃഷ്ണന്‍, ടി കെ ഉണ്ണികൃഷ്ണന്‍, സജ്ജന്‍ കാക്കനാടന്‍, സി ആര്‍ പുരുഷോത്തമന്‍, സെക്രട്ടറി പി കെ കിട്ടന്‍, ട്രഷറര്‍ സി ടി ഗോകുലനാഥന്‍ സംസാരിച്ചു. കൊച്ചുത്രേസ്യ തോമസ്, റസ്സല്‍ കെ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.