ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനം; വിചിത്ര നിലപാടുമായി പിഎംഎ സലാം
പി സി അബ്ദുല്ല
കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് വനിതാ കമ്മീഷനെ സമീപിച്ച ഹരിത ഭാരവാഹികളെ തള്ളിപ്പറഞ്ഞ് മുസ് ലിം ലീഗ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ എംഎസ്എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന വിചിത്ര വാദവുമായാണ് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തിയത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് ഹരിത പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മോശം പദപ്രയോഗങ്ങള്‍ നടത്തിയതിനെതിരെ നടപടി വേണമെന്ന് ഹരിത ഭാരവാഹികള്‍ ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയിലും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഹരിത എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതി പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലിരിക്കെ ഹരിത ഭാരവാഹികള്‍ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ടുപോയതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചത്. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ത്ത് ഒരു പകല്‍ മുഴുവന്‍ വിഷയം ചര്‍ച്ച ചെയ്തതാണ്. മുസ് ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ കുട്ടി അഹമ്മദ്കുട്ടി, എം.എസ്.എഫിന്റെ ചുമതലയുളള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നതെന്നും തുടര്‍ നടപടികള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലിരിക്കെ ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്നും ഫേസ് ബുക്ക് കുറിപ്പില്‍ സലാം പറഞ്ഞു.
ഹരിതയുടെ നേതാക്കള്‍ മുസ് ലിം ലീഗിന് നല്‍കിയ പരാതി പുറത്തായതിനു പിന്നാലെയാണ് അവരെ പരസ്യമായി തള്ളി പിഎംഎ സലാം രംഗത്തു വന്നത്. എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധവും അപലപനീയവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നാണ് പരാതി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ മുഴുവന്‍ സാന്നിധ്യത്തിലായിരുന്നു ഹരിത നേതാക്കളെ അവഹേളിച്ചത്. യാസര്‍ എടപ്പാളിന്റെ പേര് പറഞ്ഞായിരുന്നു ആക്ഷേപം. ഞങ്ങള്‍ തീരുമാനിക്കുന്നത് മാത്രമെ നടത്താവൂ എന്നാണ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ് അടക്കമുളളവരുടെ നിലപാടെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.
ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണുമെന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഹരിത പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാത്തവരാണെന്നും വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാന്‍ സമ്മതിക്കാത്തവരാണെന്നും പ്രത്യേക തരം ഫെമിനിസം പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്നുമുളള തരത്തിലാണ് അധിക്ഷേപം. തങ്ങള്‍ പറയുന്നതേ ചെയ്യാവൂ എന്നാണ് എംഎസ്എഫ് നേതാക്കളുടെ ഭാവം. ഹരിത ഭാരവാഹികളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ലീഗ് നടപടിയൊന്നും സ്വീകരിച്ചില്ല. എന്നാല്‍, പരാതിക്കാരായ ഹരിത ഭാരവാഹികള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നാണ് ലീഗ് നിലപാട്.
ലീഗ് നേതൃത്വം യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹര്യത്തിലാണ് ഹരിത നോക്കള്‍ വനിത കമ്മീഷനെ സമീപിച്ചത്.
''എം.എസ്.എഫിലും ഹരിതയിലും ഉണ്ടായ ചില അനൈക്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലിരിക്കെ ചില ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചതായി വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ സാധിച്ചു. ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസില്‍ ഒറ്റക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തിയതാണ്. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്ത് ഒരു പകല്‍ മുഴുവനും ഈ വിഷയം ചര്‍ച്ച ചെയ്തതുമാണ്. മുസ് ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ കുട്ടി അഹമ്മദ്കുട്ടി, എം.എസ്.എഫിന്റെ ചുമതലയുളള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. ഹരിത ഭാരവാഹികളുമായി എം.എസ്.എഫ് ദേശീയ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് റിപോര്‍ട്ട് നല്‍കിയതാണ്. അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പാര്‍ട്ടി പരിഗണനയിലിരിക്കെ ഇത്തരം കാര്യങ്ങള്‍ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ട് പോകുന്നതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംസ്ഥാന വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ല'' ഫേസ് ബുക്ക് പോസ്റ്റില്‍ പിഎം.എ സലാം പറയുന്നു.