തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഇ ഡിയും എന്‍ഐഎയും അറസ്റ്റ് ചെയ്തതിനെതിരേ സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളില്‍ 274 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 1,287 ആയി.
ഇന്ന് 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 15 പേരെ കരുതല്‍ തടങ്കലിലാക്കി. കരുതല്‍ തടങ്കലിലാക്കിയവരുടെ എണ്ണം 834.
ഇന്ന് കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളില്‍ വ്യാപകമായി പരിശോധന നടന്നു. താണ, പ്രഭാത് ജങ്ഷന്‍, മട്ടന്നൂര്‍, ചക്കരകല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ ടൗണ്‍ പോലിസ് ആണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. താണയിലെ ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ട്ടില്‍ നിന്ന് കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായാണ് വിവരം.
പ്രഭാത് ജങ്ഷനിലെ സ്‌പൈസ് മാനിലും പരിശോധന നടക്കുന്നുണ്ട്. ഹര്‍ത്താലിന്റെ ഗൂഢാലോചനയുടെ ഉറവിടം, സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്‌ഡെന്നാണ് പോലിസ് ഭാഷ്യം.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധമുള്ളതും ഓഹരി പങ്കാളിത്തമുള്ളതുമായ സ്ഥാപനങ്ങളിലാണ് പരിശോധന.
ഹര്‍ത്താല്‍ ദിനത്തില്‍ നല്ലളത്ത് കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അരക്കിണറിലെ മുഹമ്മദ് ഫാത്തിം, അബ്ദുല്‍ ജാഫര്‍ എന്നിവരാണ് അറസ്റ്റിലായത്.