മുര്‍ഷിദാബാദിലെ ബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ട്; തിരഞ്ഞെടുപ്പാനന്തര സംഘര്‍ഷങ്ങളില്‍ മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം
കൊല്‍ക്കത്ത: മുര്‍ഷിദാബാദിലെ ബോംബ് സ്‌ഫോടനത്തില്‍ എത്ര എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന കണക്ക് കൈവശമുണ്ടെന്ന് വ്യക്തമാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവും ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ആതിഫ് റഷീദ്. തിരഞ്ഞെടുപ്പ് സമയത്തെ സംഘര്‍ഷങ്ങള്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാനാവുമായിരുന്നില്ലെന്നും ക്രമസമാധാനച്ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്നുമുള്ള ബംഗാള്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് ആതിഫ് റഷീദിന്റെ വിശദീകരണം.
നാല് ദിവസം മുമ്പ് മുര്‍ഷിദാബാദില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നിരുന്നു. നാല് ദിവസം മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷനല്ല അധികാരത്തിലുള്ളത്. സ്‌ഫോേടനവുമായി ബന്ധപ്പെട്ട് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ നമ്പറും എന്റെ കൈവശമുണ്ട്. മുഖ്യമന്ത്രി അവിടെ സന്ദര്‍ശിക്കണം. കാര്യങ്ങള്‍ അന്വേഷിക്കണം. തിരഞ്ഞെടുപ്പ കമ്മീഷന് ക്രമസമാധാനച്ചുമതലയില്ലാത്ത സമയത്ത് ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കണം- ആതിഫ് റഷീദ് പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘര്‍ഷമുണ്ടായെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലായിട്ടുണ്ടെന്നും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു മമതാ സര്‍ക്കാര്‍ കമ്മീഷന് നല്‍കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. സാമൂഹികവിരുദ്ധശക്തികളെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത് നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
മനുഷ്യാവകാശ കമ്മീഷന് തെളിവുനല്‍കാന്‍ പുറപ്പെട്ടവരെ പോലിസ് തടഞ്ഞ സംഭവങ്ങളുണ്ടെന്നും റഷീദ് പറയുന്നു. മാല്‍ഡയില്‍ പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെങ്കിലും മുര്‍ഷിദാബാദില്‍ നിരവധി പരാതികളുണ്ടെന്നും അദ്ദേഹം പരഞ്ഞു. പരാതി പറഞ്ഞവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടത് ജില്ലാ പോലിസ് മേധാവിയുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും കടമയാണെന്നും കമ്മീഷന്‍ അറിയിച്ചുണ്ട്.
താന്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത് വിനോദയാത്രയുടെ ഭാഗമല്ലെന്നും കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണെന്നും റഷീദ് പറഞ്ഞു.
കമ്മീഷന്‍ ബിജെപിയുടെ ബിടീമാണെന്ന ആരോപണം റഷീദ് നിഷേധിച്ചു.