'നിരപരാധികള്‍ ഇരകളാക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല'; അന്വേഷണ ഏജന്‍സികളെ ഒരു കുടക്കീഴിലാക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാജ്യത്തെ അന്വേഷണ ഏജന്‍സികളെ ഒരൊറ്റ കുടക്കീഴിലേക്ക് കൊണ്ടുവരണമെന്ന് ഇന്ത്യന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സ്വയംഭരണമുള്ള ഒരു സ്ഥാനപമായിരിക്കണം സിബിഐ, എസ്എഫ്‌ഐഓ, ഇ ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭരണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'സി.ബി.ഐ., എസ്.എഫ്.ഐ.ഒ., ഇ.ഡി. തുടങ്ങിയ വിവിധ ഏജന്‍സികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്, ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനത്തിന് ഉടനടി രൂപം നല്‍കേണ്ടതുണ്ട്. ഈ ബോഡി അതിന്റെ അധികാരങ്ങള്‍ വ്യക്തമായി നിര്‍വചിച്ച് ഒരു ചട്ടത്തിന് കീഴില്‍ പ്രവര്‍ത്തിക്കണം. അതിന്റെ പ്രവര്‍ത്തനങ്ങളും അധികാരപരിധികളും നിര്‍വചിക്കണം. അത്തരമൊരു നിയമം നിയമനിര്‍മാണസഭയുടെ മേല്‍നോട്ടത്തിന് സഹായകരമാവും- അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ 19ാത് ഡി പി കോലി സ്മാര പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ പങ്ക് എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. ഒരു കുടക്കീഴിലേക്ക് മാറുന്നതോടെ ഒരേ കേസ് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നതിന് വിരാമമിടും. അത്തരം അന്വേഷണങ്ങള്‍ തെളിവ് നശിപ്പിക്കാനും നിരപരാധികളെ ദീര്‍ഘകാലം അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതിലേക്കും നയിക്കും. ജനങ്ങളെ പീഡിപ്പിക്കാനുള്ള ഏജന്‍സിയെന്ന മട്ടിലുള്ള വിമര്‍ശനങ്ങള്‍ക്ക് വിരാമമാവുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ ഒരു സംഭവം ഉണ്ടായാല്‍ അത് ആരാണ് അന്വേഷിക്കേണ്ടതെന്ന് ആദ്യമേ തീരുമാനിക്കാം. ഓരേ കേസും അതിന് പ്രാഗല്‍ഭ്യമുള്ളവര്‍ അന്വേഷിക്കാന്‍ അത് അവസരമൊരുക്കും. ഇതിനുവേണ്ടി രൂപംനല്‍കുന്ന സ്വയംഭരണ സ്ഥാപനം ഒരു സ്വതന്ത്ര സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കണം. സിബിഐ ഡയറക്ടറെ നിയമിക്കുന്നതുപോലെ ഇതിന്റെ മേധാവിയെയും നിയമിക്കണം.
'പോലിസും ക്രമസമാധാനവും സംസ്ഥാന ലിസ്റ്റിലായതുകൊണ്ട് രാജ്യത്തെ അന്വേഷണം പ്രധാനമായും സംസ്ഥാന പോലിസിനാണ്. മിക്ക അന്വേഷണങ്ങളും കൈകാര്യം ചെയ്യുന്ന സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര ഏജന്‍സികളുടെ അതേ നിലവാരത്തിലുള്ള വിശ്വാസ്യത നേടിയെടുക്കാന്‍ കഴിയാത്തതിലും അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു.