ഈഴവ സമുദായത്തിനെതിരേ വിദ്വേഷ പരാമര്‍ശം; ഫാ. റോയ് കണ്ണന്‍ചിറ മാപ്പുപറഞ്ഞു
കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നുവെന്നും റോയ് ആരോപിച്ചിരുന്നു.
കോട്ടയം: ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ കത്തോലിക്കാ സഭാ വൈദികന്‍ ഖേദം പ്രകടിപ്പിച്ചു. ഈഴവ സമുദായത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണന്‍ചിറയാണ് മാപ്പുപറഞ്ഞത്. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം. കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നുവെന്നും റോയ് ആരോപിച്ചിരുന്നു.
'ലൗ ജിഹാദിനെപ്പറ്റിയും നാര്‍കോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക് ആയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന് വരെ വിവരം കിട്ടിയിട്ടുണ്ട്. പ്രണയം നടിച്ച് സ്വന്തമാക്കാന്‍ സഭയുടെ ശത്രുക്കള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു എന്നും ഫാ. റോയ് ആരോപിച്ചിരുന്നു'.
തന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്ന് റോയ് കണ്ണന്‍ചിറ പറഞ്ഞു. ഒരു യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് റോയ് കണ്ണന്‍ചിറ ഖേദം പ്രകടിപ്പിച്ചത്.