വിദ്വേഷപ്രസംഗം, വര്‍ഗീയകലാപം: പ്രധാനമന്ത്രിയുടെ നിശ്ശബ്ദത ചോദ്യം ചെയ്ത് 13 പ്രതിപക്ഷനേതാക്കള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളെ ചോദ്യം ചെയ്ത് മൂന്ന് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 13 പ്രതിപക്ഷനേതാക്കള്‍. വര്‍ഗീയ സംഘര്‍ഷങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്ന നിശ്ശബ്ദതയെ നേതാക്കള്‍ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ മൗനം മതസ്പര്‍ധ വളര്‍ത്തുന്നവര്‍ക്ക് വളമാകുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം അധ്യക്ഷനുമായ ഹേമന്ത് സോറന്‍, ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ്, എന്‍സിപി നേതാവ് ശരത് പവാര്‍, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ഫോര്‍വേഡ് ബ്ലോക്കിന്റെ ദേബബ്രത ബിശ്വാസ്, ആര്‍എസ്പിയുടെ മനോജ് ഭട്ടാചാര്യ, മുസ്‌ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി, സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് ദീപങ്കര്‍ ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ സോണിയാഗാന്ധിയുടെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ലേഖനമെഴുതി തൊട്ടടുത്ത ദിവസമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയതെന്നത് ശ്രദ്ധേയമാണ്. സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കണമെന്നും വര്‍ഗീയ കലാപം നടത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഭക്ഷണം, വസ്ത്രധാരണം, വിശ്വാസം, ഉത്സവങ്ങള്‍, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ധ്രുവീകരിക്കുന്നതിന് ഉപയോഗിക്കുന്നതില്‍ ഞങ്ങള്‍ അങ്ങേയറ്റം ദുഃഖിതരാണെന്നും അതിനുവേണ്ടി ഭരണ സംവിധാനത്തെ ഉപയോഗിക്കുകയാണെന്നും സംയുക്തപ്രസ്താവനയില്‍ പറയുന്നു.