സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ കമന്റുകള്‍; റിയാസ് മൗലവി കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

Update: 2024-07-07 05:11 GMT

കാസര്‍കോട്: പോലിസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു, കുമ്പള പോലിസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസില്‍ കോടതി വെറുതെ വിട്ടയാളാണ് ഇപ്പോള്‍ അറസ്റ്റിലായ അജേഷ്.

മതവിദ്വേഷം പ്രോല്‍സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മതസൗഹാര്‍ദ്ദത്തിന് കോട്ടംവരത്തക്ക വിധത്തില്‍ പോസ്റ്റ് ചെയ്തെന്നു കാണിച്ച് ഐപിസി 153(എ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഘപരിവാര പ്രവര്‍ത്തകരുടെ മിന്നല്‍ കേസരി ഫ്രണ്ട്‌സ് എന്ന ഇന്‍സ്റ്റഗ്രാമില്‍ റിയാസ് മൗലവി വധക്കേസ് വിധിയുടെ ചാനല്‍ വാര്‍ത്തയുടെ വീഡിയോയ്ക്കു താഴെ കമ്മന്റായാണ് ഭീഷണി മുഴക്കിയത്. 'ഇതൊരു സാംപിളാണേ. വലുത് വരാന്‍ പോവുന്നതേയുള്ളൂ. ഉദാഹരണം പറഞ്ഞു തരാം. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പള്ളികളും തകര്‍ക്കും' എന്നാണ് ഒരു കമന്റ്. പിറ്റേ ദിവസവും സമാനമായ ഭീഷണി മുഴക്കുന്നുണ്ട്. കാസര്‍കോഡ് ജില്ലയില്‍ ഒരു പള്ളി പോലും ഉണ്ടാവില്ല. ഒരു വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും. അതിനായി വരുന്നു എന്നാണ് ഭീഷണിയിലുള്ളത്. ഈ അക്കൗണ്ടിലൂടെ തുടര്‍ച്ചയായി തോക്ക് ഉള്‍പ്പെടെയുള്ള ആയുധപ്രദര്‍ശനവും വിദ്വേഷ പ്രചാരണവും നടത്തുകയും ചെയ്തിരുന്നു.

സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ യുവാവിനെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ഇയാളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്ത ശേഷം യുവാവിനെ പിന്നീട് വിട്ടയച്ചിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജേഷ് ഇപ്പോള്‍ അറസ്റ്റിലായത്.

റിയാസ് മൗലവി കേസില്‍ മൂന്ന് പേരെ വെറുതെ വിട്ട വിധിയെ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ 'ചൂരിയില്‍ ഒരാഴ്ചക്കുള്ളില്‍ മൂന്ന് തല എടുത്തിരിക്കും' എന്ന് കമന്റ് ചെയ്തുവെന്നാണ് അബൂബകര്‍ സിദ്ദീഖിനെതിരെയുള്ള കേസ്. ഇതിലും ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തിരുന്നത്.



Tags:    

Similar News