മലപ്പുറം: ഇസ് ലാം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുള്ള ഉത്തരവ് ലഭിക്കാത്തതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് തിരൂര്‍ ജില്ലാ കോടതി മാറ്റിവച്ചത്. ഫൈസലിന്റെ ഭാര്യ ജസ്‌നയ്ക്കു വേണ്ടി അഡ്വ. ഫവാദ് പത്തൂര്‍ ഹാജരായി. അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ എന്‍ ആര്‍ കൃഷ്ണകുമാറാണ് വിചാരണയ്ക്കുള്ള തിയ്യതി പ്രഖ്യാപിക്കാനായി തിങ്കളാഴ്ച കേസ് പരിഗണിച്ചത്. നേരത്തെയും വിചാരണ തിയ്യതി തീരുമാനിച്ചിരുന്നെങ്കിലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ഫൈസലിന്റെ മാതാവ് ജമീല ആവശ്യപ്പെട്ടിരുന്നു. കോഴിക്കോടുള്ള സീനിയര്‍ അഭിഭാഷകനായ കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫൈസലിന്റെ മാതാവ് ജമീല അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. ഈശ്വരനാണ് ഹാജരാവുന്നത്.
ഇസ് ലാം സ്വീകരിച്ചതിന്റെ വിരോധത്തില്‍ 2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.03നാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് പുല്ലാണി ഫൈസലിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊടിഞ്ഞി പാലാപാര്‍ക്കിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഓട്ടോയില്‍ താനൂരിലേക്ക് പോവുകയായിരുന്ന ഫൈസലിനെ ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 16 പേരെയാണ് പിടികൂടിയത്. രണ്ടാം പ്രതിയായ ബിപിന്‍ 2017 ആഗസ്ത് 29ന് കൊല്ലപ്പെട്ടതിനാല്‍ കോടതിയില്‍ അന്വേഷണ സംഘം നല്‍കിയ അപേക്ഷ പരിഗണിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു.