കൃത്യമായ പദ്ധതിയുമായി മുസ്‌ലിംകളെ തേടിയിറങ്ങി ആര്‍എസ്എസ് കൊലയാളികള്‍; കര്‍ണാടകയിലെ സമീര്‍ വധം ഒറ്റപ്പെട്ട സംഭവമല്ല
വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരായ പോലിസ് പക്ഷേ, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രതികളില്‍ നിന്ന് പിഴയൊടുക്കുകയാണ് ചെയ്തത്. പിഴയൊടുക്കിയ ഇവരെ വിട്ടയക്കുകയായിരുന്നു നാര്‍ഗണ്ഡ് പോലിസ്. അന്നേദിവസം വൈകീട്ട് 7.30ഓടെയാണ് അക്രമികൾ സമീറിനെ കുത്തിക്കൊല്ലുന്നത്.
ബംഗഌരു: കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സമീര്‍ എന്ന 19 വയസ്സുകാരന്റെ വധം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മുസ്‌ലിംകളെ വംശഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാര്‍-ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമായിരുന്നു അത്. മുസ്‌ലിംകള്‍ക്കെതിരേ കൊലവിളി നടത്തി മണിക്കൂറുകള്‍ക്കകമാണ് പോലിസിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായത്തോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമീറിനെ വധിക്കുന്നത്.
ബംഗഌരു നഗരത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ മാറി ഗോവയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഗഢക് ജില്ലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുസമുദായങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് പോലിസ് പറയുന്നു. മുസ്‌ലിം യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നാര്‍ഗണ്ഡ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഘര്‍ഷം ഉണ്ടായി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ പെട്ട് ഒരു യുവാവിന്റെ വിരല്‍ നഷ്ടമായി എന്നും റിപോര്‍ട്ടുകളുണ്ട്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന ഇരു സമുദായങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരന്തരം സംഘര്‍ഷമുണ്ടാവുന്നത് ഈ പ്രദേശത്ത് പതിവായിരുന്നു എന്ന് ഗഢക് ജില്ലാ പോലിസ് മേധാവി ശിവപ്രകാശ് ദേവരാജു പറഞ്ഞു.
ജനുവരി 17ാം തിയ്യതി തിങ്കളാഴ്ച രാവിലെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍ തുടങ്ങുന്നത്. അന്നുരാവിലെ ആര്‍എസ്എസ്- ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നാര്‍ഗണ്ഡ് പോലിസ് സ്‌റ്റേഷനു മുന്നില്‍ സംഘടിച്ചെത്തി പോലിസുകാരെ സാക്ഷിയാക്കി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സാമുദായിക സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ യോഗമെന്നാണ് പോലിസ് ഭാഷ്യം.
മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചരണമായിരുന്നു പൊതുസമ്മേളനത്തിന്റെ ഉള്ളടക്കം. ബജ്‌രംഗ്ദള്‍ നേതാവ് സഞ്ജു എന്നു വിളിക്കുന്ന സഞ്ജയ് നല്‍വാദിയാണ് മുഖ്യമായും സംസാരിച്ചത്. പോലിസ് കേസ് ബുക്ക് ചെയ്താണ് തങ്ങള്‍ തുനിഞ്ഞിറങ്ങിയതെന്ന് നല്‍വാദി പ്രസംഗിച്ചു. മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാനുള്ള ഈ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് ഒപ്പം ചേരണമെന്നും കേസ് ഉണ്ടായാല്‍ ബജ്‌രംഗ്ദള്‍ സംരക്ഷിക്കുമെന്നും ഇയാള്‍ ആഹ്വാനം ചെയ്തു. പോലിസും തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ഇയാള്‍ പ്രസംഗിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നല്‍വാദെ പ്രസംഗിക്കുന്നതിനു തൊട്ടുപിന്നില്‍ പോലിസ് ഉദ്യോഗസ്ഥന്‍ നില്‍ക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ, വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോയില്‍ ദൃശ്യമാണ്.
വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരായ പോലിസ് പക്ഷേ, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രതികളില്‍ നിന്ന് പിഴയൊടുക്കുകയാണ് ചെയ്തത്. പിഴയൊടുക്കിയ ഇവരെ വിട്ടയക്കുകയായിരുന്നു നാര്‍ഗണ്ഡ് പോലിസ്. അന്നേദിവസം വൈകീട്ട് 7.30ഓടെയാണ് കൊലപാതകം നടക്കുന്നത്. സ്‌റ്റേഷനില്‍ പിഴയടച്ച് ഇറങ്ങിപ്പോയതിന്റെ പിന്നാലെയാണ് പ്രതികള്‍ കൊല നടത്തിയതെന്ന് നാര്‍ഗണ്ഡ് സ്റ്റേഷനിലെ മുതിര്‍ന്ന പോലിസുകാരന്‍ സാക്ഷ്യപ്പെടുത്തി.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സമീര്‍ ഷാഹ്പൂരും (19) സുഹൃത്ത് ഷംസീര്‍ ഖാന്‍ പത്താനും (21). ആയുധങ്ങളുമായി ടൗണ്‍ കൗണ്‍സില്‍ ഓഫിസ് പരിസരത്ത് സംഘടിച്ചിരുന്ന എട്ടോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലിസ് റിപോര്‍ട്ട്. മര്‍ദ്ദനത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുസ്‌ലിം യുവാക്കളെ അടിക്കുന്നതും നിലത്തുവീണ ഇവരെ കുത്തുന്നതും വീഡിയോയില്‍ കാണാം. പ്രതികളായ പ്രവീണ്‍, മല്ലികാര്‍ജുന്‍ ഹെര്‍മത്ത് എന്നിവരുടെ കുത്തേറ്റാണ് സമീര്‍ കൊല്ലപ്പെടുന്നതെന്ന് എഫ്‌ഐആര്‍ പറയുന്നു.
കുത്തേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കര്‍ണാടക ഇന്‍സറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(കിംസ്)ല്‍ വച്ച് സമീര്‍ മരണമടഞ്ഞു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഷംസീര്‍ ഖാന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അക്രമകാരികളെ തന്റെ സഹോദരന് അറിയുക പോലുമില്ലെന്ന് കൊല്ലപ്പെട്ട സമീറിന്റെ സഹോദരന്‍ മുഹമ്മദ് സുബൈര്‍ പറയുന്നു. 'പെണ്‍കുട്ടികളുമായി ബന്ധപ്പെടുത്തി രണ്ടുമാസങ്ങള്‍ക്കുമുമ്പ് ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. അതിനു ശേഷം എപ്പോള്‍ അവസരം കിട്ടിയാലും ആര്‍എസ്എസ്- ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം ചെറുപ്പക്കാരെ ആക്രമിക്കുമായിരുന്നു. എന്നാല്‍, എന്റെ സഹോദരന് ഇതുമായൊന്നും ഒരു ബന്ധവുമില്ല'- സുബൈര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ചെറുപ്പക്കാരന് പ്രതികളുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് എസ്പി ദേവരാജുവും വ്യക്തമാക്കി. പ്രതികള്‍ക്ക് മുസ്‌ലിം ചെറുപ്പക്കാരോട് ഉണ്ടായിരുന്ന വിദ്വേഷമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലിസ് ഉദ്യോസ്ഥന്‍ വ്യക്തമാക്കി. കൊലപാതകവും വിദ്വേഷ പ്രസംഗവും വാര്‍ത്തയായതോടെ 19ാം തിയ്യതിയാണ് പോലിസ് സംഘപരിവാര്‍ ആക്രമികളെ അറസ്റ്റ് ചെയ്യുന്നത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ജു നല്‍വാദി(35), മല്ലികാര്‍ജുന്‍(20), ചെന്നാബാസപ്പ(19), സക്രാപ്പ(20) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പല ഭാഗത്തും കഴിഞ്ഞ കുറച്ച് നാളുകളായി തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യന്‍, മുസ്‌ലിം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പല തരത്തില്‍ അക്രമങ്ങള്‍ അഴിച്ചു വിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതില്‍ ഒടുവിലത്തേതാണ് സമീര്‍ വധമെങ്കിലും പല സംഘര്‍ഷങ്ങളും പോലിസിന്റെ അനാസ്ഥ മൂലം റിപോര്‍ട്ട് ചെയ്യപ്പെടാതെയുമുണ്ട്.
(വിവരങ്ങള്‍ക്ക് കടപ്പാട്: ദി പ്രിന്റ്, സബ്രംഗ് ഇന്ത്യ)