ഹാഥ്‌റസ് സംഭവം: രാജ്യദ്രോഹകുറ്റം ചുമത്തിയത് മനുസ്മൃതി നിയമമാക്കുന്നതിന്റെ ഭാഗമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: ഹാഥ്‌റസില്‍ പത്തൊന്‍പതുകാരിയായ ദലിത് യുവതിയെ സവര്‍ണര്‍ മാനഭംഗപ്പെടുത്തി അരുംകൊല ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയ യുപി പോലിസ് നടപടി മനുസ്മൃതി അനുസരിച്ച് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്.
സവര്‍ണര്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കാന്‍ പാടില്ലെന്നാണ് മനുവിന്റെ ശാസനം. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് സംഘപരിവാരത്തിന് വിനോദമായി മാറിയിരിക്കുന്നു. ഇരയുടെ നീതിക്കായി ശബ്ദിക്കുന്നവര്‍ക്കെതിരേയാണ് ബിജെപി സര്‍ക്കാര്‍ കേസെടുക്കുന്നത്. സംഘപരിവാര ഭീകരതയ്‌ക്കെതിരേ ശബ്ദിക്കുന്നത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കുകയാണ് ബിജെപി സര്‍ക്കാര്‍.
കത്വയിലും ഉന്നാവയിലും ഹാഥ്‌റസിലും ഉള്‍പ്പെടെ പെണ്‍കുട്ടികളെ ക്രൂരമായി പിച്ചി ചീന്തിയ നരഭോജികള്‍ക്ക് അനുകുലമായി കൂട്ടായ്മകളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് കുറ്റവാളികളെ സംരക്ഷിക്കാനാണ് ഹിന്ദുത്വര്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം നാക്ക് മുറിച്ചും നട്ടെല്ലൊടിച്ചും തുല്യതയില്ലാത്ത ക്രൂരതകളാണ് അക്രമികള്‍ ചെയ്തത്. അക്രമികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരേണ്ട പോലിസ് സേനയാവട്ടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും തടഞ്ഞുവെച്ച് അര്‍ധരാത്രി മൃതദേഹം കത്തിച്ച് ശേഷിക്കുന്ന തെളിവുകള്‍ പോലും നശിപ്പിക്കുകയായിരുന്നു. ആശുപത്രി റിപോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും വന്നതോടെ പെണ്‍കുട്ടി മാനഭംഗത്തിനിരയായിട്ടില്ല എന്ന പോലിസിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ നുണയാണെന്നു തെളിഞ്ഞിരിക്കുകയാണ്.
സവര്‍ണരായ പ്രതികളെ എങ്ങിനെയെങ്കിലും രക്ഷിക്കുന്നതിനും പ്രതിഷേധം ഉയരുന്നത് തടയാനുമാണ് പ്രതിഷേധക്കാര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തുന്നത്. സവര്‍ണരല്ലാത്തവരുടെ നരകമായി മാറിയ യുപി ഹിന്ദുത്വര്‍ ലക്ഷ്യമിടുന്ന രാമരാജ്യത്തിന്റെ ചെറിയ സാംപിള്‍ ആയിരിക്കുകയാണെന്നും പി ആര്‍ സിയാദ് അഭിപ്രായപ്പെട്ടു.