ഹാഥ്‌റസ് കേസില്‍ കൂട്ടബലാത്സംഗം നടന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് കോടതി
2020 സെപ്റ്റംബറിലാണ് 19 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശിലെ ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ഹാഥ്‌റസ്: ഹാഥ്‌റസ് കേസില്‍ കൂട്ടബലാത്സംഗം നടന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് കോടതി അറിയിച്ചു.നാല് കുറ്റാരോപിതര്‍ക്കെതിരെ കൂട്ടബലാത്സംഗ ആരോപണം ഇരയാക്കപ്പെട്ട പെണ്‍കുട്ടി ഉയര്‍ത്തിയത് ബാഹ്യ ഇടപെടല്‍ മൂലമാകാം എന്നാണ് കോടതിയുടെ വിലയിരുത്തല്‍. നാല് കുറ്റാരോപിതരില്‍ മൂന്ന് പേരെ വെറുതെ വിടുകയും ഒരാളെ കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്ത പ്രത്യേക കോടതി വിധിയിലാണ് ഇക്കാര്യങ്ങളുള്ളത്. പ്രതി സന്ദീപ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു എന്ന് പ്രഥമദൃഷ്ട്യാ പറയാനാവില്ലെന്ന് പ്രത്യേക കോടതി ജഡ്ജി ത്രിലോക് പാല്‍ സിങ് ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി വിധിയെഴുതി.
2020 സെപ്റ്റംബറിലാണ് 19 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഉത്തര്‍ പ്രദേശിലെ ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ക്രൂരമായ പീഡനങ്ങള്‍ക്ക് പെണ്‍കുട്ടി ഇരയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 14 നായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയത്. 15 ദിവസത്തിന് ശേഷം പെണ്‍കുട്ടി മരിച്ചു. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്ന സംഭവമാണിത്. കുടുംബത്തിന്റെ അനുമതിയില്ലാതെ രാത്രി തന്നെ പോലീസ് മൃതദേഹം സംസ്‌കരിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
മാര്‍ച്ച് രണ്ടിനാണ് കേസില്‍ കോടതി വിധി പറഞ്ഞത്. സന്ദീപാണ് ഏക കുറ്റവാളിയെന്ന് കോടതി വിധിച്ചു. ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ. മറ്റ് മൂന്ന് പേരെ വെറുതെ വിടുകയായിരുന്നു. ഈ ഉത്തരവിലാണ് വിചിത്ര വാദങ്ങള്‍ കോടതി ഉന്നയിക്കുന്നത്.