ലഖ്നോ: ഹാത്റസ് യുഎപിഎ കേസില്‍ ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനും പോപുലര്‍ ഫ്രണ്ട് മുൻ പ്രവര്‍ത്തകനുയ മലപ്പുറം സ്വദേശി കെ പി കമാല്‍ ജയില്‍ മോചിതനായി. കേസിൽ കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്നാണ് ജയിലില്‍ നിന്നിറങ്ങിയത്.
മലയാളി മാധ്യമപ്രവർത്തകനും കെയുഡബ്ല്യുജെ ഭാരവാഹിയുമായിരുന്ന സിദ്ദീഖ് കാപ്പൻ ഉൾപ്പെട്ട കേസിൽ പ്രതിചേർത്ത കമാലിനെ
2023 മാര്‍ച്ച് മൂന്നിന് പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനത്തെ വീട്ടില്‍നിന്നാണ് യുപി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്ത് ലഖ്നോ ജയിലിലടച്ചത്.
യുപിയിലെ ഹാത്റസില്‍ 2020 സപ്തംബറില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലത്തേക്ക് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തി കേസെടുത്തത്.
സിദ്ദീഖ് കാപ്പനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് കെ പി കമാലിനെ പ്രതിചേര്‍ത്തത്. 20 വര്‍ഷമായി മാധ്യമമേഖലയില്‍ ജോലി ചെയ്തിരുന്ന കെ പി കമാല്‍ തേജസ് ദിന പത്രത്തില്‍ ആദ്യം കോഴിക്കോടും പിന്നീട് ഡല്‍ഹിയിലും ജോലി ചെയ്തിരുന്നു. ഈ സമയത്തെ സൗഹൃദത്തിന്റെ പേരിലാണ് കെ പി കമാലിന്റെ പേരില്‍ ഹാത്റസ് കലാപ ഗൂഢാലോചനക്കുറ്റം ചുമത്തിയത്.