'പോപുലര്‍ ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല'; രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് പട്‌ന ഹൈക്കോടതി

പട്‌ന: പോപുലര്‍ ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്ന സുപ്രിംകോടതി പരാമര്‍ശം ചൂണ്ടികാണിച്ച് രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് പട്‌ന ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌ന സന്ദര്‍ശനത്തിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രജിസ്ട്രര്‍ ചെയ്ത കേസിലാണ് വിധി.
നേരത്തെ തങ്ങളുടെ ജാമ്യാപേക്ഷ തള്ളിയ പ്രത്യേക ജഡ്ജിയുടെ ഉത്തരവിനെതിരേ പ്രതികള്‍ നല്‍കിയ രണ്ട് ക്രിമിനല്‍ അപ്പീലുകളില്‍ കോടതി വിധി പറയവെയാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ജസ്റ്റിസ് രാജീവ് രഞ്ജന്‍ പ്രസാദ്, ജസ്റ്റിസ് എസ് ബി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.2022 ജൂലായ് 11ന് പട്‌നയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായാണ് ആരോപണം.ആരോപണവിധേയര്‍ക്കെതിരേ നിരത്താന്‍ ഒരു തെളിവും നല്‍കാന്‍ എതിര്‍ഭാഗത്തിന് കഴിഞ്ഞില്ല. രണ്ട് വര്‍ഷത്തിലേറയായി ഇവര്‍ കസ്റ്റഡിയില്‍ കഴിയുന്നു.കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പിഎഫ്‌ഐ അംഗത്തിന് മുമ്പ് ജാമ്യം അനുവദിച്ച സുപ്രിംകോടതി വിധി കോടതി പരാമര്‍ശിച്ചു.