ഹാഥ്‌റസ് കൂട്ടബലാല്‍സംഗം: ഉത്തര്‍പ്രദേശ് പോലിസിന്റെ വാദങ്ങള്‍ തള്ളി സിബിഐ
ഹാഥ്‌റസ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ തെളിവുകളില്ലെന്ന ഉത്തര്‍പ്രദേശ് പോലിസിന്റെ വാദങ്ങള്‍ തള്ളി സിബിഐ. വെള്ളിയാഴ്ച ഹാഥ്‌റസിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമനുസരിച്ച് പെണ്‍കുട്ടിയെ നാല് സവര്‍ണ യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ബലാല്‍സംഗം നടന്നിതിന് തെളിവുകളില്ലെന്നുമായിരുന്നു യുപിയിലെ ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും കണ്ടെത്തല്‍.
''എഫ്എസ്എല്ലിന്റെ റിപോര്‍ട്ട് വന്നിരിക്കുന്നു. സാംപിളുകളില്‍ ശുക്ലം അടങ്ങിയിട്ടില്ലെന്ന് ഇത് വ്യക്തമായി പറയുന്നു. ബലാല്‍സംഗമോ കൂട്ടബലാല്‍സംഗമോ ഉണ്ടായിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നു''വെന്നാണ് സംഭവം നടന്ന് ഏതാനും ദിവസത്തിനു ശേഷം ഉത്തര്‍പ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ പറഞ്ഞത്. മരണമൊഴിയില്‍ ബലാല്‍സംഗം നടന്നതിനെ കുറിച്ച് പെണ്‍കുട്ടി സൂചിപ്പിച്ചിട്ടില്ലെന്നും മര്‍ദ്ദനത്തെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
വലിയ ജനരോഷമുണ്ടായതിനെ തുടര്‍ന്ന് കേസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു.
ഇപ്പോള്‍ സംഭവം നടന്ന് മൂന്ന് മാസത്തിനു ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഒരു മാസം കഴിഞ്ഞപ്പോള്‍ കേസ് സിബിഐയുടെ കയ്യിലെത്തി. സിബിഐ നല്‍കിയ അവസാന റിപോര്‍ട്ടനുസരിച്ച് സന്ദീപ്, രവി, ലവ് കുഷ്, രാമു എന്നിവര്‍ ചേര്‍ന്ന് സപ്തംബര്‍ 14ാം തിയ്യതി 19 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ പുല്ലരിയാന്‍ പാടത്തെത്തിയ സമയത്ത് കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
കൊലപാതകം, ബലാല്‍സംഗം, കൂട്ടബലാല്‍സംഗം, എസ് എസ് ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിയുടെ മരണമൊഴിയും ഫോറന്‍സിക് തെളിവുകളും സാക്ഷിമൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.