'അയാൾ നമ്പർ വൺ ടെററിസ്റ്റ്'; രാഹുൽ ഗാന്ധിക്കെതിരേ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ബിട്ടു
ഭഗൽപൂർ: പ്രതിപക്ഷ നേതാവിനെ നമ്പർ വൺ ടെററിസ്റ്റ് എന്നു വിളിച്ച് കേന്ദ്രമന്ത്രി. രാഹുൽ ഗാന്ധിക്കെതിരേ കടുത്ത തോതിലുള്ള വിവാദ പരാമർശവുമായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവാണ് രംഗത്തെത്തിയത്. അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് രാഹുൽ നടത്തിയ പ്രസ്താവനകളോടുള്ള പ്രതികരണമായാണ് കേന്ദ്രമന്ത്രിയുടെ അതിരുവിട്ട ആക്രമണം. ഹൗറയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി ബിഹാറിലെ ഭഗൽപൂരിലെത്തിയതായിരുന്നു മന്ത്രി ബിട്ടു.
'വെളിവില്ലാത്ത ഒരാളെപ്പോലെയാണ് അയാൾ സംസാരിക്കുന്നതെന്നാണ് മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് കോൺഗ്രസ് അഭിപ്രായപ്പെട്ടത്.
"രാഹുൽ ഗാന്ധി അധിക സമയവും ചെലവഴിച്ചത് രാജ്യത്തിനു പുറത്താണ്. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും കുടുംബവും അവിടെയാണ്. ഞാൻ കരുതുന്നത് സ്വന്തം രാജ്യത്തെ രാഹുൽ സ്നേഹിക്കുന്നില്ലെന്നാണ്. വിദേശത്ത് പോയി ഇന്ത്യയെക്കുറിച്ച് നിഷേധാത്മകമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. അദ്ദേഹം ഒരു ഇന്ത്യക്കാരനല്ലെന്നാണ് ഞാൻ വിചാരിക്കുന്നത്". മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. "രാജ്യത്തെ വിഭജിക്കുന്നതിനെ കുറിച്ച് എപ്പോഴും സംസാരിക്കുന്ന വിഘടനവാദികളുടെ പിന്തുണയും ഇപ്പോൾ രാഹുലിനുണ്ട്. അത്തരമാളുകൾ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ടിരിക്കും. അവർ ബോംബ് നിർമാണ വിദഗ്ധരാണ്. അവർ പിന്തുണ നൽകുന്ന രാഹുൽ ഗാന്ധി അതുകൊണ്ടു തന്നെ രാജ്യത്തെ ഒന്നാം തരം ഭീകരനാണ്. ഒരു വിഘടനവാദിയെ പോലെയാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തിൻ്റെ ഏറ്റവും വലിയ ശത്രുവായ രാഹുൽ ഗാന്ധിയെ പിടിച്ചു കൊടുക്കുന്നവർക്ക് സമ്മാനം നൽകംണം''. ബിട്ടു കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേരത്തേ മുസ്‌ലിംകളെ ഉപയോഗിക്കാൻ ശ്രമിച്ചു. പക്ഷേ, അതുകൊണ്ടൊന്നും ഒരു ഫലവും കിട്ടിയില്ല. ഇപ്പോൾ സിഖുകാരെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
വാഷിങ്ടൺ ഡിസിയിൽ ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ ഒരു യോഗത്തിൽ പ്രസംഗിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു: "ഇന്ത്യയിൽ സിഖുകാർക്കിനി ടർബനും കാരയും (സിഖുകാർ ആചാരപരമായി ധരിക്കുന്ന തലപ്പാവും വളയും) ധരിക്കാനും ഗുരുദ്വാരയിൽ പോവാനും പൊരുതേണ്ടിവരും". ചില മതങ്ങളും ഭാഷകളും സമുദായങ്ങളും മറ്റുചിലരേക്കാൾ താഴ്ന്നതായാണ് ആർഎസ്എസ് കണക്കാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹ്‌മദ് ഖാൻ പറഞ്ഞത് ഗാന്ധി കുടുംബം രാജ്യത്തിനു ചെയ്ത സംഭാവനകളെ കുറിച്ച് ജനങ്ങൾക്കറിയാമെന്നാണ്.
"ബിട്ടു പറഞ്ഞതൊന്നും അംഗീകരിക്കാനാവില്ല. വെളിവില്ലാത്ത ഒരാളെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ രാജ്യത്തിനു വേണ്ടി ഗാന്ധി കുടുംബം എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ജനങ്ങൾക്കറിയാം. ബിട്ടു കോൺഗ്രസിലുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പിതാവും കോൺഗ്രസ്സുകാരനായിരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള രവനീത് സിങ് ബിട്ടുവിൻ്റെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണ് ". ഖാൻ കൂട്ടിച്ചേർത്തു.