ആരോഗ്യനില തൃപ്തികരം; ലാലു പ്രസാദിനെ കാണാന്‍ കുടുംബം ആശുപത്രിയിലെത്തി

Update: 2021-01-23 05:41 GMT

പട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവി, പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് തുടങ്ങിയവരാണ് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് ലാലു പ്രസാദിനെ കാണാന്‍ അദ്ദേഹം ചികില്‍സ തേടുന്ന റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച.

ലാലു പ്രസാദിന് ശ്വാസതടസ്സവും നെഞ്ചില്‍ പിടിത്തവുമുണ്ടെന്ന് അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. 2017 ഡിസംബര്‍ മുതല്‍ അദ്ദേഹം രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലാണ്.

അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെങ്കിലും കുടുംബത്തിന് ആശങ്കയുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞു.

''പരിശോധനാ റിപോര്‍ട്ടുകള്‍ പലതും ലഭിക്കാനുണ്ട്. അതിനുശേഷം മാത്രമേ ശരിയായ വിവരം ലഭ്യമാവൂ. അദ്ദേത്തിന് നിരവധി അസുഖങ്ങളുണ്ട്. പ്രമേഹരോഗിയാണ്. കിഡ്‌നിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. നെഞ്ചില്‍ തടസ്സമുണ്ടെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. കൊവിഡാണോ എന്ന് ഞങ്ങള്‍ സംശയിച്ചു. അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയിരിക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്. അതൊരു പ്രശ്‌നമാണ്- തേജസ്വി യാദവ് പറഞ്ഞു.

വെള്ളിയാഴ്ച പാതിരാത്രിയാണ് കുടുംബം ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. രാവിലെ അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തിയിരുന്നു.

Tags:    

Similar News