കൊവിഡ് 19: കോഴിക്കോട് ജില്ലയിലെ 23 പൊതു ഇടങ്ങളില്‍ ആരോഗ്യ സ്‌ക്രീനിംഗ്

Update: 2020-05-08 13:45 GMT

കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പൊതു ഇടങ്ങളില്‍ പൊതുജനങ്ങളെ ഹെല്‍ത്ത് സ്‌ക്രീനിങ് ടെസ്റ്റിന് വിധേയമാക്കാന്‍ തീരുമാനം. കൊവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ വരുത്തിയതോടെ ജനങ്ങള്‍ പൊതുഇടങ്ങളില്‍ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ജില്ലയിലെ കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലെ 23 സ്ഥലങ്ങളില്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം ഏര്‍പ്പെടുത്തും.

കോഴിക്കോട് താലൂക്കിലെ മൊഫ്യൂസില്‍ ബസ്സ്റ്റാന്റ്, മുക്കം, ഫറോക്ക്, രാമനാട്ടുകര, മാവൂര്‍, മാനാഞ്ചിറ, കുന്ദമംഗലം, റെയില്‍വേ സ്‌റ്റേഷന്‍ കോഴിക്കോട്, പാളയം മാര്‍ക്കറ്റ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലും കൊയിലാണ്ടി താലൂക്കിന് കീഴിലെ ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങള്‍ കൂടാതെ താമരശ്ശേരി താലൂക്കിലെ കൊടുവള്ളി, പൂനൂര്, ഓമശ്ശേരി, പുതുപ്പാടി, താമരശ്ശേരി,കോടഞ്ചേരി എന്നിവിടങ്ങളിലും വടകര താലൂക്കിലെ നാദാപുരം, വടകര, കുറ്റിയാടി, വില്ല്യാപ്പള്ളി എന്നീ സ്ഥലങ്ങളിലുമാണ് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുക. സ്‌ക്രീനിംഗില്‍ കൊവിഡ് ലക്ഷണം കണ്ടെത്തുന്നവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും വിവരം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയും ചെയ്യും.

സംഘത്തില്‍ പാരാമെഡിക്കല്‍ സ്റ്റാഫ്, ഹെല്‍ത്ത് വളണ്ടിയര്‍ എന്നിവരുണ്ടാകും. ഇവരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയമിക്കും. ഓരോ ടീമിലേക്കും ഒരു റവന്യു ഇന്‍സ്‌പെക്ടര്‍/വില്ലേജ് ഓഫീസര്‍/ അധ്യാപകന്‍ എന്നിവരെ നിയമിക്കേണ്ടതാണ്. ഇവരുടെ നിയമനം തഹസില്‍ദാര്‍ നിയോഗിക്കും. ടീമുകളുടെ പ്രവര്‍ത്തനത്തിന് വേണ്ട പൊലീസ് സഹായം ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് നോഡല്‍ ഓഫീസറും ആര്‍ ആര്‍ ഡെപ്യുട്ടി കലക്ടറുമായ കെ ഹിമയ്ക്കാണ് ഹെല്‍ത്ത് സ്‌ക്രീനിംഗിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല. 

Tags:    

Similar News