ചൂട് കനക്കുന്നു; അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ചൂട് കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഹീറ്റ് സ്‌ട്രോക്കിനും മറ്റ് ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളെയും പ്രതിരോധിക്കുന്നതിനാവശ്യമായ അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.
വേനല്‍ക്കാലം ആരംഭിക്കുന്നതോടെ ഇനിയും ചൂട് കൂടുമെന്ന് കത്തില്‍ പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) വെബ്സൈറ്റില്‍ ലഭ്യമായ 'ഹീറ്റ് ആന്‍ഡ് ഹെല്‍ത്ത്' എന്ന പൊതുജനാരോഗ്യ, ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശങ്ങളുടെ പ്രാധാന്യം ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
ആരോഗ്യ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും ഫലപ്രദമായ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിന് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലകളിലുടനീളം വ്യാപകമായി പ്രചരിപ്പിക്കണം, മാര്‍ച്ച് 1 മുതല്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോം (ഐഎച്ച്ഐപി) വഴി ഹീറ്റ് സ്‌ട്രോക്ക് കേസുകളെക്കുറിച്ചുള്ള രോഗിതല ഡാറ്റ രേഖപ്പെടുത്തണം തുടങ്ങി നിരവധി കാര്യങ്ങള്‍ കേന്ദ്രം മുന്നോട്ടു വച്ചിട്ടുണ്ട്.
എന്‍സിഡിസിയുടെ കീഴിലുള്ള നാഷണല്‍ പ്രോഗ്രാം ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് ഹ്യൂമന്‍ ഹെല്‍ത്ത്, ഹീറ്റ് സംബന്ധമായ അസുഖ മാനേജ്‌മെന്റിനെക്കുറിച്ചുള്ള വെര്‍ച്വല്‍ പരിശീലന സെഷനുകള്‍ ഇതിനകം നടത്തിയിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു. എന്‍സിഡിസി നല്‍കുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഈ പരിശീലന സെഷനുകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്, എല്ലാ ആരോഗ്യ പ്രൊഫഷണലുകള്‍ക്കും ഐഎച്ച്ഐപിയിലെ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.