കൊല്‍ക്കത്ത കോഫി ഹൗസ് ആക്രമിച്ച ഹിന്ദുത്വ ഗുണ്ടകള്‍ക്കെതിരേ കനത്ത പ്രതിഷേധം

Update: 2021-03-17 16:23 GMT

കൊല്‍ക്കൊത്ത: കൊല്‍ക്കത്തയിലെ പ്രശസ്തമായ കോഫി ഹൗസ് ഹിന്ദുത്വ ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തിനെതിരേ സാമൂഹികപ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. കോളജ് സ്ട്രീറ്റിലെ കോഫി ഹൗസിനെതിരേയുള്ള ആക്രമണം പ്രതീകാത്മകമായ നീക്കമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചരിത്രപരമായി ബിജെപിക്കാര്‍ക്ക് ആതൊരു ഇടവുമില്ലാത്ത ബംഗാളില്‍ സ്വന്തം അസ്തിത്വം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്ന് പ്രതിഷേധക്കാര്‍ വിശദീകരിച്ചു. ഭക്ഷണം കഴിക്കുന്നതിനൊപ്പം ചര്‍ച്ചയും സംസാരവും കൊല്‍ക്കത്തയുടെ നഗരസംസ്‌കാരത്തിന്റെ ഭാഗമാണ്.

മാര്‍ച്ച് 15നാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടന്നത്. അന്ന് വൈകുന്നേരം ഏകദേശം 4 മണിയായപ്പോള്‍ മുപ്പതോളം കാവി ടീ ഷര്‍ട്ടുകള്‍ ധരിച്ച ഗുണ്ടകള്‍ കോഫി ഷോപ്പിലെത്തി സീറ്റുകളില്‍ ഇടംപിടിച്ചു. എല്ലാവരുടെയും നെഞ്ചില്‍ കാണാവുന്ന തരത്തില്‍ നരേന്ദ്ര മോദിയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിരുന്നു. 


 ഷോപ്പിലേക്ക് വന്നവരില്‍ കുറച്ചുപേര്‍ ഇരിക്കുന്നവരോട് തര്‍ക്കിക്കുകയും ചിലര്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് എഴുതിയ പോസ്റ്ററുകള്‍ വലിച്ചകീറുകയും ചെയ്തു. ചില പോസ്റ്ററുകളില്‍ നിന്ന് ചെയ്യരുതെന്ന വാക്ക് കറുപ്പിക്കുകയും ചെയ്തു. ഗുണ്ടകളുടെ നീക്കത്തെ തദവസരത്തിലുണ്ടായിരുന്ന പലരും ചോദ്യം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍ ഗുണ്ടകളെ ചോദ്യം ചെയ്യുക മാത്രമല്ല, ഉറക്കെ പൗരത്വകാലത്ത് ഉയര്‍ത്തിയിരുന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനെതിരേ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ച ഗുണ്ടകള്‍ കുറച്ചുകഴിഞ്ഞ് തിരിച്ചുപോയി.

കോഫിഷോപ്പില്‍ നടന്നത് ആസൂത്രിതമായ പദ്ധതിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ഡല്‍ഹിയില്‍ പ്രശാന്ത് ഭൂഷനെതിരേ ആക്രമണം നടത്തിയ തജിന്ദര്‍ സിങ് ബഗ്ഗയുടെ സംഘമാണ് ഇതിന്റെ പിന്നിലുമെന്നാണ് കരുതുന്നത്. 


പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സംഘപരിവാര്‍ അനുകൂല അക്രമി സംഘത്തിന്റെ ഭാഗമായ ബഗ്ഗയുടെ സാന്നിധ്യം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. തൃണമൂലിനെ തോല്‍പ്പിക്കുകയെന്നത് സുപ്രധാനമെന്ന് കരുതുന്ന ബിജെപി അക്രമമഴിച്ചുവിടുകയാണെന്ന മമതയുടെ വാദത്തെ ഇത് ശരിവയ്ക്കുന്നുമുണ്ട്.

Tags:    

Similar News