മഴക്കെടുതിയില്‍ സംസ്ഥാനത്ത് 6 മരണം; ഒരാളെ കാണാതായി

നാളെ വരെ അതിതീവ്ര വഴ തെക്കന്‍, മധ്യ കേരളത്തില്‍ കേന്ദ്രീകരിക്കും

Update: 2022-08-01 12:48 GMT

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആറുമരണം. ഒരാളെ കാണാതായി. അഞ്ച് വീടുകള്‍ പൂര്‍ണമായി നശിച്ചു. 55 വീടുകള്‍ ഭാഗികമായി തര്‍ന്നതായും മുഖ്യമന്ത്രി വാത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര വഴ പ്രധാനമായും തെക്കന്‍, മധ്യ കേരളത്തില്‍ കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

24 മണിക്കൂറില്‍ 200 മില്ലിലീറ്ററില്‍ കൂടുതല്‍ മഴ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായ നാലു ദിവസം ഇത്തരത്തില്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കും.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മഴവെള്ളപ്പാച്ചില്‍ എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ആരംഭിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയാറെടുപ്പും ആവശ്യമാണ്. മഴക്കാലകെടുതികളെ നേരിടുന്നതിന് മുന്നൊരുക്കം നേരത്തെ ആരംഭിച്ചു. മാര്‍ച്ച് 14,16 തിയ്യതികളില്‍ എല്ലാ ജില്ലകളെയും പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപന തലത്തില്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മങ്കിപോക്‌സ്

കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരാണ് ഹൈറിസ്‌ക് പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളത്. വീട്ടുകാര്‍, സഹായി, നാല് സുഹൃത്തുക്കള്‍, ഫുട്‌ബോള്‍ കളിച്ച 9 പേര്‍ എന്നിവരാണ് ഈ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വിമാനത്തില്‍ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. 

ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എസ്.ഒ.പി.യുടേയും അടിസ്ഥാനത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരീഡ്. ഇതനുസരിച്ച് ഈ 165 പേരും സ്വയം നിരീക്ഷിക്കണം. 

എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ച് വയ്ക്കരുത്. രോഗവിവരം മറച്ച് വച്ചത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Tags:    

Similar News