കനത്ത മഴ: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ഉച്ചയ്ക്ക് ശേഷം 3.30നാണ് യോഗം. മന്ത്രിമാര്‍,വിവിധ വകുപ്പ് മേധാവികള്‍,ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Update: 2021-11-14 09:24 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. ഉച്ചയ്ക്ക് ശേഷം 3.30 നാണ് യോഗം. മന്ത്രിമാര്‍,വിവിധ വകുപ് മേധാവികള്‍,ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. പാലക്കാട് ,മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും.

പലയിടത്തും മഴക്കെടുതികളും രൂക്ഷമാവുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ ഏറെക്കുറെ വെള്ളം കയറിക്കഴിഞ്ഞു. ഡാമുകള്‍ പലതും തുറക്കുന്നു. മണ്ണിടിച്ചിലടക്കം വ്യാപക നാശ നഷ്ടങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവസ്ഥ വിദഗ്ധരരുമായി കൂടിക്കാഴ്ച നടത്തിയശേഷം മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്.

വടക്കന്‍ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലുമായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് അതിശക്തമായ മഴയും കാറ്റുമുണ്ടാകുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറന്നു. പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയില്‍ എത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്.

പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. 141 അടിയാണ് ഡാമില്‍ റൂള്‍കര്‍വ് പ്രകാരം പരമാവധി സംഭരിക്കാവുന്ന വെള്ളത്തിന്റെ അളവ്. 400 ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം.

Tags:    

Similar News