കനത്ത മഴ: അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
കാംപുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണം. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കാംപുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണം. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാംപുകളുടെ ശുചിത്വം ഉറപ്പാക്കണം. ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണം.
എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്.
പത്താം തിയ്യതിക്ക് ശേഷം ഏഴ് മണ്ണിടിച്ചിലുകളാണുണ്ടായത്. ആളപായം ഉണ്ടായിട്ടില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ കാംപുകളിലേക്ക് മാറ്റി പാര്‍പ്പിക്കണം.
മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ പോലിസും ഫയര്‍ ഫോഴ്‌സും സജ്ജമാണ്.
ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയില്‍ കുറവു വരും. അതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്‌നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിങ് നിര്‍ത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തിയ്യതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കണം. മഴക്കെടുതി പ്രയാസം ഉള്ള ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യം ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍ എന്നിവരും ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പോലിസ്, ഫയര്‍ഫോഴ്‌സ് മേധാവികളും, വിവിധ സേനകളുടെ പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു.